സുപ്രിംകോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാർ ഇന്ന് അധികാരമേൽക്കും
കഴിഞ്ഞ വർഷം ഡിസംബർ 13-നാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം, അഞ്ച് ജഡ്ജിമാരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാൻ ശിപാർശ നൽകിയത്.
ന്യൂഡൽഹി: സുപ്രിംകോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിയമനത്തിൽ കൊളീജിയം ശ്ിപാർശ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അംഗീകരിച്ചതോടെയാണ് തടസം നീങ്ങിയത്. സുപ്രിംകോടതിയുടെ താക്കീതിനൊടുവിലാണ് ശിപാർശ അംഗീകരിച്ചത്.
ജഡ്ജി നിയമനങ്ങളെ ചൊല്ലി കേന്ദ്രവും സുപ്രിംകോടതി കൊളീജിയവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഇന്ന് സത്യപ്രതിജ്ഞ. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി സഞ്ജയ് കുമാർ, പട്‌ന ഹൈക്കോടതി ജസ്റ്റിസ് അഹ്‌സനുദ്ധീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് സുപ്രിംകോടതി ജഡ്ജിമാരായി അധികാരമേൽക്കുന്നത്.
ഇതോടെ സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ ഒഴിവുകൾ രണ്ടായി കുറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബർ 13-നാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം, ഈ അഞ്ച് ജഡ്ജിമാരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാൻ ശിപാർശ നൽകിയത്. ഈ ശിപാർശയിൽ തീരുമാനം വൈകുന്നതിൽ സുപ്രിംകോടതി പലതവണ നീരസം പ്രകടിപ്പിക്കുകയും കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്തിരുന്നു. കൊളീജിയം ശിപാർശയിൽ ഉടൻ നിയമന ഉത്തരവ് ഇറക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ മുമ്പ് നൽകിയ പല ഉറപ്പുകളും പാലിക്കപ്പെട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിമാരുടെ സ്ഥലംമാറ്റ ശിപാർശയിൽ തീരുമാനം എടുക്കാത്തതും കോടതിയെ ചൊടിപ്പിച്ചു. ഇതിനെ തുടർന്നാണ് കോടതി സർക്കാരിനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്.
Adjust Story Font
16