ധബോൽക്കർ വധക്കേസ്: ഹിന്ദുത്വ തീവ്രവാദികൾക്കെതിരെ കോടതി യു.എ.പി.എ ചുമത്തി
സനാതൻ സൻസ്ഥ എന്ന തീവ്ര ഹിന്ദുവലതുപക്ഷ സംഘടനയിലെ അംഗങ്ങൾക്കെതിരെയാണ് കുറ്റംചുമത്തിയത്
സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ നരേന്ദ്ര ധബോൽക്കറെ വധിച്ച കേസിലെ നാല് പ്രതികൾക്കെതിരെ കോടതി യു.എ.പി.എ ചുമത്തി. സനാതൻ സൻസ്ഥ എന്ന തീവ്ര ഹിന്ദുവലതുപക്ഷ സംഘടനയിലെ അംഗങ്ങളായ ഡോ. വിരേന്ദ്രസിങ് തവാഡെ, കൊലപാതകികളായ ശരദ് കലാസ്‌കർ, സഞ്ജീവ് പുനലേകർ, ഇയാളുടെ സഹായി വിക്രം ഭാവെ എന്നിവർക്കെതിരെയാണ് പൂനെയിലെ പ്രത്യേക കോടതി യു.എ.പി.എ ചുമത്തിയത്. പ്രതികളെല്ലാവരും കുറ്റം നിഷേധിച്ചിരുന്നു. കേസിലെ അഞ്ചാം പ്രതിയായ അഭിഭാഷകനെതിരെ തെളിവു നശിപ്പിച്ചതിനു മാത്രമാണ് കുറ്റം ചുമത്തിയതെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
യു.എ.പി.എ ആക്ടിലെ 16-ാം വകുപ്പിനു കീഴിൽ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളാണ് നാലു പേർക്കും മേൽ ചുമത്തിയത്. ഇതിനുപുറമെ പുനലേകറിന് ഐ.പി.സി 201-ാം വകുപ്പും (നിയമനടപടി നേരിടുന്നത് തടയുന്നതിനായി തെളിവ് നശിപ്പിക്കൽ) ചുമത്തിയിട്ടുണ്ട്. ഇവരിൽ തവാഡെയും കലാക്‌സറും ജയിലിലും പുനലേകറും ഭാവെയും ജാമ്യത്തിൽ പുറത്തുമാണ്.
അന്ധവിശ്വാസങ്ങൾക്കെതിരെ എഴുതുകയും പ്രചരണം നടത്തുകയും ചെയ്തിരുന്ന നരേന്ദ്ര ധബോൽക്കർ 2013, ആഗസ്റ്റ് 20-ന് പ്രഭാത സവാരിക്കിടെയാണ് കൊല്ലപ്പെടുന്നത്. ബൈക്കിലെത്തിയ അക്രമികൾ ഇദ്ദേഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. അന്വേഷണം സി.ബി.ഐ ഏറ്റെടുത്ത ശേഷം ബോംബൈ ഹൈക്കോടതിയാണ് ധബോൽക്കർ കൊലക്കേസിന്റെ മേൽനോട്ടം വഹിക്കുന്നത്. 2014-ൽ പൂനെ പൊലീസിൽ നിന്ന് കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ആണ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തത്.
അഞ്ച് ദൃക്‌സാക്ഷികളുടെയും കൊലപാതകത്തിനായി തവാഡെ ഉപയോഗിച്ച നാടൻ പിസ്റ്റൾ നൽകിയ കോലാപൂർ സ്വദേശിയായ വ്യവസായിയുടെയും ധബോൽക്കറുടെ കുടുംബത്തിന്റെയും മൊഴികളാണ് സി.ബി.ഐ അഭിഭാഷകൻ പ്രകാശ് സൂര്യവൻഷി കോടതിയിൽ അവതരിപ്പിച്ചത്. പ്രതികൾക്കുമേൽ കുറ്റം ചുമത്തുന്നതിനെ അവരുടെ അഭിഭാഷകൻ വിരേന്ദ്ര ഇചൽകരഞ്ജികർ എതിർത്തു.
സെപ്തംബർ 20-നാണ് കേസിൽ അടുത്ത വാദം കേൾക്കുക.
Adjust Story Font
16