യുഎസിൽനിന്ന് നാടുകടത്തുന്ന 119 ഇന്ത്യക്കാരുമായി രണ്ടാമത് വിമാനം നാളെയെത്തും
മറ്റൊരു വിമാനം ഞായറാഴ്ചയെത്തുമെന്ന് പ്രതീക്ഷിക്കുന്നു

ന്യൂഡൽഹി: അമേരിക്കയിൽനിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരെയും വഹിച്ചുള്ള രണ്ടാമത് വിമാനം ശനിയാഴ്ച പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങും. 119 പേരാണ് വിമാനത്തിൽ ഉണ്ടാവുക. ഇതിൽ 67 പേരും പഞ്ചാബിൽനിന്നുള്ളവരാണ്. ഹരിയാനയിൽനിന്ന് 33 പേർ, ഗുജറാത്തിൽനിന്ന് എട്ട് പേർ, ഉത്തർപ്രദേശിൽനിന്ന് മൂന്ന് പേർ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് രണ്ട് പേർ വീതം, ഗോവ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽനിന്ന് ഓരോ യാത്രക്കാരനും ഉണ്ടാകും. നാടുകടത്തപ്പെട്ടവരെ കൊണ്ടുവരുന്ന മറ്റൊരു വിമാനം ഞായറാഴ്ചയെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
നാടുകടത്തുന്നവരെ യുഎസ് വിമാനത്തിൽ കൊണ്ടുവരുമോ അതോ ഇന്ത്യൻ സർക്കാർ അവരെ തിരികെ കൊണ്ടുവരാൻ വിമാനം ക്രമീകരിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. ഫെബ്രുവരി അഞ്ചിന് 104 ഇന്ത്യക്കാരെ വഹിച്ചുകൊണ്ട് യുഎസ് എയർഫോഴ്സിന്റെ സി-17 വിമാനം അമൃത്സറിൽ വന്നിറിങ്ങിയിരുന്നു. അതിൽ ഭൂരിഭാഗവും ഹരിയാന, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരായിരുന്നു. ഇവരെ ചങ്ങലകളിൽ ബന്ധിപ്പിച്ച് കൊണ്ടുവന്നത് വലിയ വിമർശനത്തിന് ഇടയാക്കുകയുണ്ടായി. ശനിയാഴ്ച വരുന്ന സംഘത്തെ ചങ്ങലകളിൽ ബന്ധിച്ചായിരിക്കില്ല കൊണ്ടുവരികയെന്ന് പ്രതീക്ഷിക്കുന്നതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നാടുകടത്തപ്പെട്ടവരോടുള്ള മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെ പാർലമെന്‍റിലടക്കം പ്രതിപക്ഷം രംഗത്തുവന്നിരുന്നു. തുടർന്ന് ഈ വിഷയം അമേരിക്കൻ സർക്കാരുമായി ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി അറിയിക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നലത്തെ യുഎസ് സന്ദർശന വേളയിലും നിയമവിരുദ്ധ കുടിയേറ്റ വിഷയം പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി ചർച്ച ചെയ്തിരുന്നു.
രണ്ടാമത്തെ വിമാനം ശനിയാഴ്ച രാത്രി 10നും 11നും ഇടയിൽ അമൃത്സർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ വിമാനത്തിൽ നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും യുഎസിലേക്ക് പ്രവേശിക്കാൻ നിയമവിരുദ്ധമായ വഴി സ്വീകരിച്ചവരായിരുന്നു. പലരും ഏജന്‍റുമാർക്ക് വലിയ തുക നൽകിയശേഷം മാസങ്ങൾ നീണ്ടുനിൽക്കുന്ന യാത്രകൾ നടത്തിയാണ് അമേരിക്കയിലെത്തിയത്. ഇവർ തിരിച്ചെത്തിയശേഷം പഞ്ചാബ്, ഹരിയാന സർക്കാരുകൾ നിരവധി ഏജന്‍റുമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Adjust Story Font
16