ഗംഗ, യമുന നിറഞ്ഞൊഴുകുന്നു; പ്രളയക്കെടുതിയില്‍ ഉത്തര്‍പ്രദേശ്
പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് കിഴക്കന്‍ യു.പിയില്‍ പ്രൈമറി സ്‌കൂള്‍ പൂര്‍ണമായും ഒലിച്ചുപോയി.
കനത്ത മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ പ്രളയം. യു.പിയിലെ 21 ജില്ലകളിലെ 357 ഗ്രമാങ്ങളിലാണ് പ്രളയംബാധിച്ചത്. പ്രശ്‌നബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആകാശമാര്‍ഗം നിരീക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് കിഴക്കന്‍ യു.പിയിലെ ഗോണ്ട ജില്ലയില്‍ പ്രൈമറി സ്‌കൂള്‍ പൂര്‍ണമായും ഒലിച്ചുപോയി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തെ കിഴക്കന്‍, പശ്ചിമ മേഖലകളില്‍ പലയിടത്തും ഗംഗ, യമുന നദികള്‍ അപകടമേഖലക്ക് മുകളിലാണ് ഒഴുകുന്നത്.
#WATCH | A primary school got washed away following a rise in water level of Ghaghara river in Gonda, earlier today pic.twitter.com/6Jq7gPw0FZ
— ANI UP (@ANINewsUP) August 8, 2021
വെള്ളം കയറിയതിനെ തുടര്‍ന്ന് ഗ്രമാങ്ങള്‍ പലതും പൂര്‍ണമായും ഒറ്റപ്പെട്ടു. ബുണ്ഡല്‍ഖണ്ഡ് മേഖലയിലെ ഹാമിര്‍പൂര്‍, ജലൂന്‍ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്.
ജൂണില്‍ കാലവര്‍ഷം തുടങ്ങിയതിന് ശേഷം 96 ശതമാനം മഴയാണ് യു.പിയില്‍ ഇതുവരെ പെയ്തത്. പകുതിയിലധികം ജില്ലകളിലും അസാധാരണമാം വിധം മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും വെള്ളം തുറന്നു വിട്ടതും ഗംഗ നിറഞ്ഞൊഴുകാന്‍ കാരണമായതായി മന്ത്രി മഹേന്ദ്ര സിങ് പറഞ്ഞു. 50 ഗ്രാമങ്ങളിലെ ഇരുന്നൂറ് കുടുംബങ്ങളെയെങ്കിലും മാറ്റിപ്പാര്‍പ്പിച്ചതായും മഹേന്ദ്ര സിങ് പറഞ്ഞു.
Adjust Story Font
16