ബിഹാറിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; രാഷ്ട്രീയ അട്ടിമറിയുണ്ടാകുമെന്ന് സൂചന
ജെ.ഡി (യു)വിലെ അഞ്ച് എം.എൽ.എമാരെ പാർട്ടി നേതൃത്വത്തിന് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ട്.
പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് നിയമസഭയിൽ വിശ്വാസ വോട്ടു തേടും. കഴിഞ്ഞ മാസമാണ് മഹാസഖ്യത്തെ പിളർത്തി നിതീഷ് കുമാർ വീണ്ടും എൻ.ഡി.എയോട് ഒപ്പം ചേർന്നു സർക്കാർ രൂപീകരിച്ചത്. 243 അംഗ ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 എം.എൽ.എമാരുടെ പിന്തുണയാണ് വേണ്ടത്. എൻ.ഡി.എ സഖ്യത്തിൽ 128 അംഗങ്ങളുണ്ട്. മഹാസഖ്യത്തിൽ 114 എം.എൽ.എമാരും.
നിലവിൽ നിതീഷ് കുമാരിന് ഭീഷണി ഇല്ലെങ്കിലും സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറിയുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്. എംഎൽഎമാരെ പാർട്ടികൾ പരസ്പരം ചാക്കിട്ട് പിടിക്കാനുള്ള നീക്കങ്ങൾ ബിഹാറിൽ സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം. വിശ്വാസ വോട്ടെടുപ്പിൽ എം.എൽ.എമാരുടെ സാന്നിധ്യം ഉറപ്പാക്കാൻ ജെ.ഡി (യു) വിപ്പ് നൽകിയിട്ടുണ്ട്.
ജെ.ഡി (യു)വിലെ അഞ്ച് എം.എൽ.എമാരെ പാർട്ടി നേതൃത്വത്തിന് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ റിസോർട്ടുകളിലും മറ്റും പാർപ്പിച്ചിരുന്ന എം.എൽ.എമാരെല്ലാം ബിഹാറിൽ മടങ്ങിയെത്തി. മഹാസഖ്യ സർക്കാരിൽ സ്പീക്കറായിരുന്ന അവാദ് ബിഹാരി ചൗധരി ഇതുവരെ സ്പീക്കർ സ്ഥാനം രാജിവെക്കാൻ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ നിയമസഭ ചേരുമ്പോൾ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം ഇരുപക്ഷത്തിനും ആദ്യ ബലപരീക്ഷണമാകും.
Adjust Story Font
16