Quantcast

'എം.കെ സ്റ്റാലിനെ കണ്ട് പഠിക്കൂ'; മോദിയോട് ഡി.എം.കെ എം.പി

ബി.ജെ.പിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രം ​നേട്ടമുണ്ടാകുന്ന രീതിയിലാണ് കേന്ദ്ര സർക്കാരിന്റെ ബജറ്റെന്ന പ്രതിപക്ഷ വിമർശനത്തിന് പിന്നാലെയാണ് ദയാനിധി മാരന്റെ പരാമർശം.

MediaOne Logo

Web Desk

  • Updated:

    2024-07-24 13:14:55.0

Published:

24 July 2024 1:07 PM GMT

Follow MK Stalin DMK MPs advice to PM Narendra Modi
X

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കണ്ട് പഠിക്കാനും അദ്ദേഹത്തിന്റെ രീതി പിന്തുടരാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉപദേശിച്ച് ഡി.എം.കെ എം.പി ദയാനിധി മാരൻ. സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്യാത്ത ആളുകൾക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം മോദിയോട് പറഞ്ഞു. ബി.ജെ.പിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രം ​നേട്ടമുണ്ടാകുന്ന രീതിയിലാണ് കേന്ദ്ര സർക്കാരിന്റെ ബജറ്റെന്ന പ്രതിപക്ഷ വിമർശനത്തിന് പിന്നാലെയാണ് ദയാനിധി മാരന്റെ പരാമർശം.

'തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനിൽ നിന്ന് പ്രധാനമന്ത്രി ചില നല്ല ഉപദേശങ്ങൾ സ്വീകരിക്കേണ്ട സമയമായി എന്നെനിക്ക് തോന്നുന്നു. തനിക്ക് വോട്ട് ചെയ്ത ആളുകൾക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാത്ത ആളുകൾക്ക് വേണ്ടിയും താൻ പ്രവർത്തിക്കുമെന്നും അത് തൻ്റെ കടമയാണെന്നും മുഖ്യമന്ത്രിയായപ്പോൾ സ്റ്റാലിൻ പറഞ്ഞിരുന്നു. ഇന്ന് പ്രധാനമന്ത്രി പ്രവർത്തിക്കുന്നത് തൻ്റെ പാർട്ടിക്ക് വോട്ട് ചെയ്ത ജനങ്ങൾക്ക് വേണ്ടിയല്ല, മറിച്ച് തന്നെ പിന്തുണയ്ക്കുന്ന പാർട്ടികൾക്ക് വേണ്ടി മാത്രമാണ്'- മാരൻ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളെ ബജറ്റിൽ സർക്കാർ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി ഇൻഡ്യ മുന്നണിയിലെ പാർട്ടികൾ രാജ്യസഭയിൽ നിന്ന് വാക്കൗട്ട് നടത്തിയിരുന്നു. കൂടാതെ പാര്‍ലമെന്റ് കവാടത്തില്‍ ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി എന്നിവരെ കൂടാതെ കോണ്‍ഗ്രസ്, ടി.എം.സി, എസ്.പി, ഡി.എം.കെ, ഇടതുപക്ഷ പാർട്ടികൾ എന്നിവയുടെ എം.പിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

കേന്ദ്രത്തിൽ എൻ.ഡി.എയെ മൂന്നാമതും അധികാരത്തിലെത്താൻ സഹായിച്ച ടി.ഡി.പിയും ജെ.ഡി.യുവും ഭരിക്കുന്ന ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെ തഴഞ്ഞിരുന്നു. ബിഹാറിന് 26,000 കോടിയുടെയും ആന്ധ്രയ്ക്ക് 15,000 കോടിയുടേയും പദ്ധതികളാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചത്. പ്രതിപക്ഷം ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളെ അവ​ഗണിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിമാരും വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

TAGS :

Next Story