വൈകീട്ട് ആറിനു ശേഷം വിദ്യാര്‍ഥിനികള്‍ക്ക് പുറത്തുപോകാം; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് മൈസൂരു സര്‍വകലാശാല
സര്‍വകലാശാലയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് തീരുമാനം.
പെണ്‍കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിച്ച് മൈസൂരു സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. വൈകുന്നേരം 6.30ന് ശേഷം വിദ്യാര്‍ഥിനികള്‍ തനിച്ച് കാമ്പസില്‍ സഞ്ചരിക്കരുതെന്ന് നിര്‍ദേശിക്കുന്ന സര്‍ക്കുലറാണ് പിന്‍വലിച്ചത്. സര്‍വകലാശാലയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് തീരുമാനം.
മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സാഹചര്യത്തില്‍ സര്‍വകലാശാല രജിസ്ട്രാറാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാര്‍ഥിനികള്‍ വൈകുന്നേരം 6.30ന് ശേഷം കുക്കരഹള്ളി തടാക പരിസരത്തേക്ക് പോകരുത്. കൂടാതെ മാനസ ഗംഗോത്രി ക്യാമ്പസ് പരിസരത്ത് വിദ്യാര്‍ഥിനികള്‍ തനിച്ച് 6.30ന് ശേഷം ഇരിക്കരുത്. വൈകുന്നേരം ആറു മുതൽ ഒമ്പതു വരെ പട്രോളിംഗിനായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആണ്‍കുട്ടികള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമായിരുന്നില്ല.
കാമ്പസില്‍ ഒഴിഞ്ഞ പ്രദേശങ്ങളുള്ളതിനാല്‍ പെണ്‍കുട്ടികളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നായിരുന്നു വൈസ് ചാന്‍സലറുടെ വിശദീകരണം. പെണ്‍കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയല്ല ലക്ഷ്യമെന്നും തനിച്ച് പോകരുതെന്ന് മാത്രമാണ് നിര്‍ദേശമെന്നും സര്‍ക്കുലറിലെ വാക്കുകളില്‍ പിശകുണ്ടെങ്കില്‍ തിരുത്തുമെന്നും വി.സി സൂചിപ്പിച്ചിരുന്നു.
ആഗസ്ത് 24ന് ചാമുണ്ഡി ഹില്‍സിലേക്ക് പോവുന്നതിനിടെയാണ് എം.ബി.എ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. സഹപാഠിയെ മര്‍ദിച്ച് അവശനാക്കിയ ശേഷം ആറംഗസംഘം പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചുപ്രതികളെ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തു.
Adjust Story Font
16