ഗർഭസ്ഥശിശുവിന്റെ ലിംഗ നിർണയം നടത്തി വീഡിയോ അപ്‍ലോഡ് ചെയ്തു; തമിഴ് യൂട്യൂബർക്ക് ആരോഗ്യവകുപ്പിന്‍റെ നോട്ടീസ്
ജെന്‍ഡര്‍ റിവീല്‍ എന്ന പേരിലാണ് വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്
ചെന്നൈ: വിദേശത്ത് ലിംഗനിർണ്ണയ പരിശോധന നടത്തിയതിന് ശേഷം വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പ്രമുഖ തമിഴ് ഫുഡ് വ്‌ളോഗർക്ക് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്. യൂട്യൂബിൽ 4.2 മില്യൻ ഫോളോവേഴ്‌സ് ഉള്ള ഇർഫാനാണ് കുഞ്ഞിന്റെ ലിംഗനിർണയം പരസ്യമായി വെളിപ്പെടുത്തിയതിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇർഫാനും ഭാര്യയും ദുബൈയിലെത്തിയാണ് ലിംഗനിർണയം നടത്തിയത്. ഈ യാത്രയുടെ വീഡിയോയും കുഞ്ഞിന്റെ ലിംഗനിർണയ പരിശോധനയുടെ ദൃശ്യങ്ങളും സഹിതമാണ് വീഡിയോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലിംഗ നിർണയം നടത്തിയ വീഡിയോക്ക് രണ്ടുമില്യണിലധികം കാഴ്ചക്കാരും,ദുബൈ ട്രിപ്പിന്റെ വീഡിയോക്ക് ഒരു മില്യണിലധികം കാഴ്ചക്കാരുമുണ്ട്.ഇന്ത്യയിൽ നിയമവിരുദ്ധമായതിനാലാണ് ദുബൈയിൽ ലിംഗനിർണയ പരിശോധന നടത്തുന്നതെന്ന് വീഡിയോയുടെ തുടക്കത്തിൽ ഇർഫാൻ പറയുന്നുണ്ട്. ജെൻഡർ റിവീൽ പാർട്ടി എന്ന പേരിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ഗർഭസ്ഥ ശിശുവിന്റെ ലിംഗഭേദം വെളിപ്പെടുത്തുന്നത് ഇന്ത്യയിൽ നിയമവിരുദ്ധവും PCPNDT ആക്ട് (പ്രീ കൺസെപ്ഷൻ & പ്രീ നേറ്റൽ ഡയഗ്‌നോസ്റ്റിക് ടെക്‌നിക്‌സ് ആക്ട്) പ്രകാരം ശിക്ഷാർഹവുമാണ്. ലിംഗാധിഷ്ഠിത ഗർഭഛിദ്രം തടയുന്നതിനും ഗർഭസ്ഥ ശിശുക്കളുടെ സുരക്ഷിതത്വവും അവകാശങ്ങളും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമം. പെൺഭ്രൂണഹത്യ തടയുന്നതിനും ഇന്ത്യയിൽ കുറഞ്ഞുവരുന്ന ലിംഗാനുപാതം പരിഹരിക്കുന്നതിനുമായി 1994-ൽ ഈ നിയമം കൊണ്ടുവന്നത്. ഈ നിയമപ്രകാരമാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഇർഫാന് നോട്ടീസ് അയച്ചിട്ടുള്ളത്.
നിയമനടപടി സ്വീകരിക്കുന്നതിനായി എൻഫോഴ്സ്മെന്റ് ഓഫീസർ ഇർഫാന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതുപോലുള്ള നടപടികൾ തമിഴ്നാട്ടിൽ മാത്രമല്ല, രാജ്യത്തുടനീളം പെൺകുഞ്ഞുങ്ങളുടെ ജനനം കുറയാൻ ഇടയാക്കുമെന്നും നോട്ടീസിൽ പറയുന്നു. വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പൊലീസിന്റെ സൈബർ വിഭാഗത്തിനും കത്തയച്ചു. അതേസമയം,സോഷ്യൽമീഡിയയിൽ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ടെന്നും നോട്ടീസ് ലഭിച്ചാലുടൻ മറുപടി നൽകുമെന്നും ഇർഫാൻ പ്രതികരിച്ചു.
വീഡിയോ പുറത്ത് വന്നതോടെ നിരവധി പേർ അഭിനന്ദിച്ചും, വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ ലിംഗഭേദം നിർണയിക്കാൻ മാത്രമായി വിദേശ യാത്ര നടത്തുന്ന രീതിയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം വീഡിയോകളെന്നാണ് ഒരു വിമർശനം. അതേസമയം, ലൈക്കിനും വരുമാനത്തിനും വേണ്ടിയാണ് ഇത്തരം വീഡിയോകളെന്നാണ് ചിലരുടെ വിമർശനം.
Adjust Story Font
16