ആദ്യ ഭർത്താവിനെ ബലമായി വേർപ്പെടുത്തി മകളെ രണ്ടാം വിവാഹം ചെയ്യിച്ച് പിതാവ്; രണ്ടാം ഭർത്താവിന് രാഖി കെട്ടി 'സഹോദരനാക്കി' യുവതി
സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച ആദ്യ ഭർത്താവിലേക്ക് മടങ്ങാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് യുവതി വ്യക്തമാക്കി.
ജയ്പൂർ: മരുമകൻ തന്റെ സമുദായത്തിൽപ്പെട്ട ആളല്ലാത്തതിനാൽ മകളുമായുള്ള ബന്ധം ബലമായി വേർപ്പെടുത്തി രണ്ടാം വിവാഹം കഴിപ്പിച്ച് പിതാവ്. വീണ്ടും വിവാഹം കഴിക്കാൻ നിർബന്ധിതയായ യുവതി രണ്ടാം ഭർത്താവിന് രാഖി കെട്ടി 'സഹോദരനാക്കി'. ഹിന്ദു സമുദായത്തിൽ സഹോദരീ- സഹോദരന്മാരോ ആ രീതിക്ക് കണക്കാക്കുന്നവരോ പരസ്പരം കെട്ടുന്ന ഒന്നാണ് രാഖി. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.
കുട്ടിക്കാലം മുതൽ പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹം കഴിഞ്ഞ തരുണ ശർമയെന്ന യുവതിയെ ആ ബന്ധം നിർബന്ധിച്ച് വേർപ്പെടുത്തി ഛത്തീസ്ഗഡിലെ അന്തഗഡ് സ്വദേശിയായ ജിതേന്ദ്ര ജോഷിയെ കൊണ്ടാണ് പിതാവ് വിവാഹം കഴിപ്പിച്ചത്. യുവതിയുടെ ആദ്യ വിവാഹത്തെക്കുറിച്ച് ഇയാളുടെ വീട്ടുകാർക്ക് അറിയില്ലായിരുന്നു.
എന്നാൽ പിതാവിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പ് തുടർന്ന യുവതി, തന്റെ പുതിയ ഭർത്താവിന്റെ അടുക്കലെത്തി അയാളുടെ കൈയിൽ രാഖി കെട്ടുകയായിരുന്നു. പുതിയ ഭർത്താവിൽ നിന്ന് തനിക്ക് പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും യുവതി ആരോപിച്ചു. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച ആദ്യ ഭർത്താവിലേക്ക് മടങ്ങാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് യുവതി വ്യക്തമാക്കി.
രാജസ്ഥാനിലെ ബലേസറിലെ പ്രൈമറി സ്‌കൂളിലെ സഹപാഠിയായ സുരേന്ദ്ര സംഖ്‌ലയെയാണ് തരുണ ശർമ ആദ്യം വിവാഹം കഴിച്ചത്. എന്നാൽ, സുരേന്ദ്ര അവരുടെ സമുദായത്തിൽപെട്ട ആളല്ലാത്തതിനാൽ യുവതിയുടെ പിതാവ് ഈ ബന്ധത്തെ എതിർത്തിരുന്നു. എന്നാൽ കോളജ് വിദ്യാഭ്യാസത്തിന് ശേഷം ഇവർ വിവാഹിതരായി.
വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷം, ദമ്പതികളെ യുവതിയുടെ വീട്ടുകാർ കണ്ടെത്തി ബലേസറിലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. തുടർന്ന് യുവതിയുടെ വീട്ടുകാർ അവരെ ബലമായി വേർപ്പെടുത്തി. രാജസ്ഥാനിലെയും ഗുജറാത്തിലെയും വിവിധ നഗരങ്ങളിലായി കഴിഞ്ഞ അഞ്ച് മാസമായി കുടുംബം തന്നെ തടവിലെന്ന പോലെ പാർപ്പിച്ചിരിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. ഫോൺ നൽകുകയോ ആരോടും സംസാരിക്കാൻ അനുവദിക്കുകയോ ചെയ്തിരുന്നില്ലെന്നും യുവതി വിശദമാക്കി.
ആദ്യ വിവാഹം വീട്ടുകാർ നിർബന്ധിച്ച് വേർപ്പെടുത്തിയതിനു ശേഷം രാജസ്ഥാനിലെ ഒരു യുവാവുമായി തരുണയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും ഇയാൾ ഒരു കേസിൽ പ്രതിയായതോടെ ഈ ബന്ധം ഉപേക്ഷിച്ചു. തുടർന്നാണ് മെയ് ഒന്നിന്, ജിതേന്ദ്ര ജോഷിയുമായുള്ള വിവാഹം നടന്നത്. തന്നെ ആദ്യ ഭർത്താവിലേക്ക് തിരികെ പോകാൻ അനുവദിക്കാനാണ് രണ്ടാം ഭർത്താവായ ജിതേന്ദ്ര ജോഷിക്ക് രാഖി കെട്ടിയതെന്ന് യുവതി കൂട്ടിച്ചേർത്തു.
എന്നാൽ, ഭാര്യ പല വഴികളിലൂടെ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെന്ന് ജോഷി അവകാശപ്പെട്ടു. 'അവൾക്ക് എന്നെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെങ്കിൽ അത് പറയാമായിരുന്നു. ഞാൻ അവളെ വിവാഹം കഴിക്കില്ലായിരുന്നു. അവരെന്നെ പെടുത്തിയതാണ്. അവളുടെ വീട്ടുകാരാണ് എന്നെ ഇക്കാര്യവുമായി സമീപിച്ചത്. ഞാൻ അങ്ങോട്ട് ചോദിച്ചു പോയിട്ടില്ല'- തരുണയുടെ ആരോപണങ്ങളോട് പ്രതികരിച്ച് രണ്ടാം ഭർത്താവ് പറഞ്ഞു.
അതേസമയം, യുവതിയെ ഛത്തീസ്ഗഡിലെ കാങ്കറിലുള്ള സഖി സെന്ററിലേക്ക് മാറ്റിയതായി അന്തഗഢ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് റോഷൻ കൗശിക് പറഞ്ഞു.
Adjust Story Font
16