Quantcast

ഓക്‌സ്ഫഡും സ്റ്റാൻഫോഡും യേലും ഇന്ത്യയിലേക്ക്; കരടുനിയമം പുറത്തിറക്കി യു.ജി.സി

യു.ജി.സിയുടെ കരടുനിയമം അധികം വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് വിവരം

MediaOne Logo

Web Desk

  • Published:

    6 Jan 2023 11:33 AM GMT

ഓക്‌സ്ഫഡും സ്റ്റാൻഫോഡും യേലും ഇന്ത്യയിലേക്ക്; കരടുനിയമം പുറത്തിറക്കി യു.ജി.സി
X

ന്യൂഡൽഹി: ലോകപ്രശസ്തമായ സർവകലാശാലകളായ ഒക്‌സ്ഫഡും സ്റ്റാൻഫോഡും യേലും ഇന്ത്യയിൽ കാംപസുകൾ തുറക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ(യു.ജി.സി) ആരംഭിച്ചതായി 'ബ്ലൂംബെർഗ്' റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം തേടി യു.ജി.സി കരടുനിയമം പുറത്തിറക്കിയിട്ടുണ്ട്.

നിലവിൽ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ അനുമതിയില്ല. വിദേശ സ്ഥാപനങ്ങൾക്ക് ഇവിടെ കാംപസുകൾ ആരംഭിക്കാനും കോഴ്‌സുകൾ നൽകാനും അനുമതി നൽകിക്കൊണ്ടുള്ള കരടുനിയമമാണ് യു.ജി.സി തയാറാക്കിയിരിക്കുന്നത്. ഇവിടത്തെ ഓഫ് കാംപസുകൾക്ക് തദ്ദേശീയ-വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം, ഫീസ് ഘടന, സ്‌കോളർഷിപ്പ് അടക്കമുള്ള വിഷയങ്ങളിൽ സ്വയം തീരുമാനമെടുക്കാനാകും. അധ്യാപക, സ്റ്റാഫ് നിയമനവും സ്വന്തമായി നടത്താം.

ആഗോളതലത്തിൽ ഇന്ത്യയെ വിദ്യാഭ്യാസ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് 'ബ്ലൂംബെർഗ്' റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് താങ്ങാവുന്ന ചെലവിൽ വിദേശ സർവകലാശാലകളുടെ ബിരുദങ്ങൾ നേടാൻ അവസരമൊരുക്കുകയും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

'ഗ്ലോബൽ ടാലന്റ് കോംപിറ്റിറ്റീവ്‌നെസ് ഇൻഡെക്‌സ് 2022'ൽ ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്. ആകെ 133 രാജ്യങ്ങൾക്കിടയിലാണ് രാജ്യത്തിന്റെ സ്ഥാനം വളരെ പിന്നിലുള്ളത്. രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ പരിഷ്‌ക്കരിച്ച് കൂടുതൽ മത്സരക്ഷമമാക്കുകയും പാഠ്യപദ്ധതിയും വിപണിയുടെ ആവശ്യവും തമ്മിലുള്ള അന്തരം കുറയ്ക്കുകയുമെല്ലാം പുതിയ നീക്കത്തിലൂടെ പദ്ധതിയിടുന്നുണ്ട്. യു.ജി.സിയുടെ കരടുനിയമം അധികം വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് വിവരം.

Summary: Foreign universities such as Yale, Oxford and Stanford to set up campuses and award degrees. UGC unveiled a draft legislation for public feedback that seeks to facilitate entry and operation of overseas institutions in the country for the first time

TAGS :

Next Story