ആർഎസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി മുൻ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ
ചീഫ് ജസ്റ്റിസ് പദവിൽ നിന്ന് വിരമിച്ച ശേഷം ഡൽഹിയിലും നാഗ്പൂരിലും മാറിമാറിയാണ് ബോബ്ഡെയുടെ താമസം.
ന്യൂഡൽഹി: സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തു വച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ആർഎസ്എസ് സ്ഥാപകൻ കെബി ഹെഡ്‌ഗെവാറിന്റെ (1889-1940) കുടുംബവീടും ബോബ്‌ഡെ സന്ദർശിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ജഡ്ജാകുന്നതിന് മുമ്പ് നാഗ്പൂരിൽ ഏറെക്കാലം അഭിഭാഷവൃത്തി ചെയ്തിട്ടുണ്ട് ജ. എസ്എ ബോബ്‌ഡെ. ചീഫ് ജസ്റ്റിസ് പദവിൽ നിന്ന് വിരമിച്ച ശേഷം ഡൽഹിയിലും നാഗ്പൂരിലും മാറിമാറിയാണ് ഇദ്ദേഹത്തിന്റെ താമസം. ചീഫ് ജസ്റ്റിസായിരിക്കെ നാഗ്പൂരിൽ വച്ച് ബിജെപി നേതാവിന്റെ ആഡംബര ബൈക്കിൽ കയറി ബോബ്‌ഡെ ഫോട്ടോയെടുത്തത് വിവാദമായിരുന്നു.
രാജ്യത്തിന്റെ 47-ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു ബോബ്‌ഡെ. ഏപ്രിൽ 23നാണ് പദവിയിൽ നിന്ന് വിരമിച്ചത്. ഗോവയിലെ ഏക സിവിൽ കോഡിനെ പ്രകീർത്തിച്ച് ബോബ്ഡെ നടത്തിയ പരാമർശങ്ങൾ തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ബോബ്ഡെക്ക് മുമ്പ് വിരമിച്ച രഞ്ജൻ ഗൊഗോയിയെ അധികം താമസിയാതെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിരുന്നു. അത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Adjust Story Font
16