ബി.ജെ.പിക്ക് തിരിച്ചടി; കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദി കോൺഗ്രസിൽ ചേർന്നു
ബി.എസ് യെദ്യൂരപ്പയുടെ വിശ്വസ്തനും പ്രമുഖ ലിംഗായത്ത് നേതാവുമാണ് സവദി
ബംഗളൂരു: ബി.ജെ.പി നേതാവും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മൺ സവദി കോൺഗ്രസിൽ ചേർന്നു. കർണാടകയിൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുന്നതിനിടെയാണ് മുതിർന്ന നേതാവിന്റെ കൂടുമാറ്റം. ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതിനു പിന്നാലെ സവദി പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് രാജിവച്ചിരുന്നു. ബി.എസ് യെദ്യൂരപ്പയുടെ വിശ്വസ്തനും പ്രമുഖ ലിംഗായത്ത് നേതാവുമാണ് സവദി.
ഇതിനു പിന്നാലെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറുമായും പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യയുമായും ലക്ഷ്മൺ സവദി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് ദേശീയ സെക്രട്ടറിയും കർണാടക ചുമതല വഹിക്കുന്ന നേതാവുമായ രൺദീപ് സിങ് സുർജേവാലയും കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നു. ഇതിനുശേഷം ഡി.കെ ശിവകുമാറാണ് ലക്ഷ്മൺ സവദി കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. സ്വന്തം താൽപര്യപ്രകാരമാണ് അദ്ദേഹം പാർട്ടിയിൽ ചേരാൻ തീരുമാനിച്ചതെന്നും സവാദിയുടെയും സിദ്ദരാമയ്യയുടെയും സാന്നിധ്യത്തിൽ ഡി.കെ മാധ്യമങ്ങളോട് വ്യക്തമാക്കി.
കർണാടകയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ് ലക്ഷ്മൺ സവദി. ഇന്ന് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറാട്ടിയെ കണ്ട് രാജി സമർപ്പിച്ച ശേഷമായിരിക്കും കോൺഗ്രസിൽ ഔദ്യോഗിക അംഗത്വമെടുക്കുകയെന്നാണ് ഡി.കെ ശിവകുമാർ അറിയിച്ചത്. നേരത്തെ ബി.ജെ.പി നിഷേധിച്ച സീറ്റ് തന്നെ കോൺഗ്രസ് അദ്ദേഹത്തിന് നൽകുമെന്നാണ് സൂചന.
സവാദിയുടെ ആവശ്യം നിരസിച്ചായിരുന്നു ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ബെലാഗവിയിലെ അത്താണി സീറ്റ് ലക്ഷ്മൺ സവദി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സിറ്റിങ് എം.എൽ.എയായ മഹേഷ് കുമ്മട്ടള്ളിക്കു തന്നെ സീറ്റ് നൽകാൻ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.
മൂന്നു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച സവദി 2018ൽ അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മഹേഷിനോട് പരാജയപ്പെടുകയായിരുന്നു. പിന്നീട്, കോൺഗ്രസ്-ജെ.ഡി.എസ് സർക്കാരിനെ അട്ടിമറിച്ച ബി.ജെ.പി ഓപറേഷന്റെ ഭാഗമായി മഹേഷ് കുമ്മട്ടള്ളി കൂടുമാറുകയായിരുന്നു. തുടർന്നാണ് 2019ൽ ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി ബി.ജെ.പി സർക്കാർ കർണാടകയിൽ അധികാരത്തിലേറുന്നത്.
Summary: Former Karnataka Deputy CM and BJP MLC Laxman Savadi joins congress
Adjust Story Font
16