Quantcast

സുപ്രിംകോടതി മുന്‍ ജഡ്ജി ജ. എ.എം ഖാൻവിൽക്കർ പുതിയ ലോക്പാൽ

ഇ.ഡിയുടെ അധികാരപരിധി കൂട്ടിയ സുപ്രിംകോടതി ബെഞ്ചിന്റെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് ഖാൻവിൽക്കർ

MediaOne Logo

Web Desk

  • Published:

    8 Feb 2024 2:17 PM GMT

Retired Justice AM Khanwilkar, the former Supreme Court judge, who delivered judgment extending ED
X

ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍

ന്യൂഡൽഹി: റിട്ട. സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് എ.എം ഖാൻവിൽക്കർ പുതിയ കേന്ദ്ര ലോക്പാൽ ആകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർ പങ്കെടുത്ത യോഗത്തിലാണു തീരുമാനമെന്നാണു വിവരം. ഇ.ഡിയുടെ അധികാരപരിധി കൂട്ടിയ സുപ്രിംകോടതി ബെഞ്ചിന്റെ അധ്യക്ഷനായിരുന്നു ഖാൻവിൽക്കർ.

ബുധനാഴ്ചയാണ് ലോക്പാൽ സ്ഥാനത്തേക്കു നാമനിർദേശം ചെയ്യപ്പെട്ട പേരുകൾ ചർച്ച ചെയ്യാനായി ഉന്നതതല യോഗം ചേർന്നത്. അറ്റോണി ജനറൽ കെ.കെ വേണുഗോപാലും യോഗത്തിൽ സംബന്ധിച്ചിരുന്നു. ജാർഖണ്ഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് പ്രദീക് കുമാർ മൊഹന്തിയാണു നിലവിൽ ലോക്പാൽ ആക്ടിങ് ചെയർപേഴ്‌സനായി പ്രവർത്തിച്ചുവരുന്നത്. യോഗത്തിൽ വിജിലൻസ് കമ്മിഷണറായി ബാങ്ക് ഓഫ്‌ മഹാരാഷ്ട്രാ എം.ഡി എ.എസ് രാജീവിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.

യോഗത്തിൽ അധിർ രഞ്ജൻ ചൗധരി രാജീവിന്റെ നിയമനത്തെ എതിർത്തതായി 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്തു. എന്നാൽ, ഖാൻവിൽക്കറുടെ നിയമനത്തിൽ അദ്ദേഹം എതിർപ്പ് അറിയിച്ചില്ലെന്നാണു വിവരം. ഖാൻവിൽക്കറുടെ നാമനിർദേശത്തെക്കുറിച്ച് ചൗധരിയെ അവസാന നിമിഷമാണ് അറിയിച്ചതെന്നും സൂചനയുണ്ട്.

2002ലാണ് ജ. എ.എം ഖാൻവിൽക്കർ ബോംബേ ഹൈക്കോടതി ജഡ്ജിയായത്. പിന്നീട് ഹിമാചൽപ്രദേശിൽ ചെറിയ കാലം ചീഫ് ജസ്റ്റിസായി. 2013ൽ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ അദ്ദേഹത്തിന് 2016ലാണ് സുപ്രിംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടുന്നത്. 2022 ജൂലൈയിൽ സർവീസിൽനിന്നു വിരമിക്കുകയും ചെയ്തു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം(പി.എം.എൽ.എ) പ്രകാരം ഇ.ഡിക്ക് അറസ്റ്റ് ചെയ്യാനുള്ള അധികാരം നൽകിയത് ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചായിരുന്നു. എതിർപ്പറിയിച്ചുള്ള ഒരുകൂട്ടം ഹരജികൾ തള്ളിയായിരുന്നു ഇ.ഡിക്ക് കൂടുതൽ അധികാരം കൈമാറുന്ന കോടതിവിധി.

പൊതുപ്രവർത്തകർക്കെതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്ന അതോറിറ്റിയാണ് ലോക്പാൽ. 2013ൽ പാസാക്കിയ ലോക്പാൽ-ലോകായുക്ത നിയമത്തിനു കീഴിലാണ് ഇതു സ്ഥാപിക്കപ്പെട്ടത്. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് അന്നാ ഹസാരെയുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് നടന്ന ജൻ ലോക്പാൽ പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യവും ലോക്പാൽ രൂപീകരണമായിരുന്നു.

Summary: Retired Justice AM Khanwilkar, the former Supreme Court judge, who delivered judgment extending ED's jurisdiction, to be new Lokpal of India

TAGS :

Next Story