ബി.ജെ.പിയുടെ കടുത്ത വിമര്‍ശകന്‍; നഷ്ടമായത് തല മുതിർന്ന സോഷ്യലിസ്റ്റ് നേതാവിനെ
മധ്യപ്രദേശമാണ് ജന്മസ്ഥലമെങ്കിലും രാഷ്ട്രീയ തട്ടകം ബിഹാർ ആയിരുന്നു
ശരത് യാദവ്
ഡല്‍ഹി:ശരത് യാദവ് വിട വാങ്ങിയതോടെ നഷ്ടമായത് തല മുതിർന്ന സോഷ്യലിസ്റ്റ് നേതാവിനെ. വാജ്‌പേയി കാലത്തെ ബി.ജെ.പിയുടെ സുഹൃത്ത് ആയിരുന്ന ശരത്,മോദി കാലത്തെ ബി.ജെ.പിയുടെ കടുത്ത വിമര്‍ശകനായിരുന്നു. മധ്യപ്രദേശമാണ് ജന്മസ്ഥലമെങ്കിലും രാഷ്ട്രീയ തട്ടകം ബിഹാർ ആയിരുന്നു.
ലോഹ്യ വിതച്ച സോഷ്യലിസ്റ്റ് ചിന്തയിലൂടെയാണ് ശരത് യാദവിന്‍റെ രാഷ്ട്രീയ ജീവിതം കരുപ്പിടുപ്പിച്ചത്. അടിയന്തരാവസ്ഥക്ക് എതിരെ ആഞ്ഞടിച്ച ജെപി പ്രസ്ഥാനത്തിലെ ഊർജ്ജസ്വലനായ യുവനേതാവായാണ് രാജ്യം ശരത് യാദവിനെ അറിഞ്ഞത്. മധ്യ പ്രദേശിലെ ജബൽപ്പൂർ ലോക്‌സഭാ മണ്ഡലത്തിൽ, 1974ൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ 27-ാമത്തെ വയസിൽ നേടിയ കന്നിവിജയമാണ് ശ്രദ്ധേയനാക്കിയത്. പിന്നീട് ചൗധരി ചരൻ സിംഗിന്‍റെ പാതയിലായി. സോഷ്യലിസ്റ്റ് രാഷ്ട്രീയധാര പലതായി പിളർന്നപ്പോൾ ബീഹാറിലെ മധേപുരയിൽ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ശത്രുവായി. ജനതാദൾ (U )വിന്റെ ആദ്യ ദേശീയ അധ്യക്ഷനായി. എൻ.ഡി.എ ഘടക കക്ഷിയായി വാജ്‌പെയി മന്ത്രി സഭയിൽ വ്യോമയാന,തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്തു.
മോദി കാലത്ത് ബി.ജെ.പിയുമായി അകന്നു.നിതീഷ് കുമാർ പിന്നീട് ബി.ജെ.പിയുമായി അടുത്തപ്പോൾ,തെറ്റി പാർട്ടിയിൽ നിന്ന് പുറത്തു പോയി. 7 തവണ ലോക്സഭയിലേക്കും 3 തവണ രാജ്യസഭയിലേക്കും തെരെഞ്ഞെടുക്കപ്പെട്ടു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ രാജ്യസഭംഗമായിരിക്കെ അയോഗ്യനായി.സ്വന്തമായി രൂപീകരിച്ച ലോക് താന്ത്രിക് ജനതാദളിനെ ആര്‍.ജെ.ഡിയിൽ ലയിപ്പിച്ചു ലാലു പ്രസാദ് യാദവുമായി അടുത്തു. പരസ്പരം പോരാടിയ ലാലുവും നിതീഷും ശരതും ഒരേ മുന്നണിയിലെത്തി, വർഗീയതയ്ക്കെതിരെ ശക്തമായ മുന്നേറ്റം നടത്തുന്ന കാലത്താണ് അതികായന്‍റെ വേർപാട്.
Adjust Story Font
16