ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഫക്കീറിനെപ്പോലെ; വിജയം ഉറപ്പായിരുന്നില്ലെന്ന് സുപ്രിയ സുലെ
തെരഞ്ഞെടുപ്പില്‍ ഞാന്‍ വിജയിക്കുമെന്ന് 100 ശതമാനം ഉറപ്പില്ലായിരുന്നു
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു ഫക്കീറിനെപ്പോലെയാണ് താന്‍ മത്സരിച്ചതെന്നും വിജയം 100 ശതമാനം ഉറപ്പായിരുന്നില്ലെന്നും എന്‍സിപി(എസ്‍പി) നേതാവ് സുപ്രിയ സുലെ. പവാര്‍ കുടുംബത്തിന്‍റെ കോട്ടയായ ബാരാമതിയില്‍ നിന്ന് അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറിനെ പരാജയപ്പെടുത്തിയാണ് സുപ്രിയ നാലാം തവണ ലോക്സഭയിലെത്തിയത്.
''തെരഞ്ഞെടുപ്പില്‍ ഞാന്‍ വിജയിക്കുമെന്ന് 100 ശതമാനം ഉറപ്പില്ലായിരുന്നു. കാരണം ഒരുപാട് പ്രതിബന്ധങ്ങള്‍ മറികടക്കണമായിരുന്നു'' സുപ്രിയ വ്യക്തമാക്കി. നവംബറിൽ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (എംവിഎ) മുഖ്യമന്ത്രി മുഖം അവതരിപ്പിക്കാൻ സാധ്യതയില്ലെന്ന് സിഎൻഎൻ-ന്യൂസ് 18 ചാനലിനോട് സംസാരിക്കവെ ബാരാമതി എംപി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ശരിയായ ആളെ സഖ്യം മുഖ്യമന്ത്രിയാക്കുമെന്ന് എംവിഎയുടെ പ്രധാന ഘടകകക്ഷിയായ എൻസിപി (എസ്പി) വർക്കിംഗ് പ്രസിഡൻ്റ് കൂടിയായ സുലെ കൂട്ടിച്ചേര്‍ത്തു.
ശക്തമായ മത്സരം നടന്ന മണ്ഡലമാണ് ബാരാമതി. 2006-ലാണ് സുപ്രിയ ആദ്യമായി പാർലമെന്‍റിലെത്തുന്നത്. അത് രാജ്യസഭയിലേക്കായിരുന്നു. പിന്നാലെ, 2009, 2014, 2019 വർഷങ്ങളിൽ ബാരാമതിയില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Adjust Story Font
16