പ്രണയം എതിർത്ത അച്ഛനെ മകൾ ക്വട്ടേഷൻ നൽകി കൊന്നു, സമ്മാനമായി വജ്രമോതിരം; ഒടുവിൽ പിടി വീണു
വീട്ടിൽ വിവാഹാലോചനകൾ സജീവമായതോടെയാണ് അപർണ പിതാവിനെ വകവരുത്താൻ തീരുമാനിച്ചത്
റാഞ്ചി: ആദിത്യപൂരിൽ വ്യവസായിയെ വെടിവച്ചു കൊന്ന കേസിൽ മകൾ ഉൾപ്പെടെ നാലു പേർ അസ്റ്റിൽ. ഇച്ചാഗഡ് മുന്‍ എംഎല്‍എയുടെ സഹോദരനായ കനയ്യ സിങിനെ കൊലപ്പെടുത്തിയ കേസിൽ മകൾ അപർണ (19), കാമുകൻ രജ്‌വീർ (21), നിഖിൽ ഗുപ്ത, സൗരഭ് കിസ്‌കു എന്നിവരാണ് അറസ്റ്റിലായത്. പ്രണയം എതിർത്തതിന് അപർണയാണ് ക്വട്ടേഷൻ നൽകിയത് എന്നാണ് പൊലീസ് പറയുന്നത്. രണ്ടു പ്രതികൾ ഒളിവിലാണ്.
ജൂൺ മുപ്പതിനാണ് ഹരി ഓംനഗറിലെ അപ്പാർട്ട്മെന്റിന് പുറത്തുവെച്ച് കനയ്യസിങ് വെടിയേറ്റു കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ മൂന്നംഗസംഘം കനയ്യയ്ക്ക് നേരേ വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തും സമീപത്തും സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ അന്വേഷണം പൊലീസിന് വെല്ലുവിളിയായി. വാട്സ്ആപ്പ് സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ചോദ്യം ചെയ്യലുകളാണ് അന്വേഷണം അപര്‍ണയിലെത്തിച്ചത്.
അപർണയും രജ്‌വീറും അഞ്ചുവർഷമായി പ്രണയത്തിലാണെന്ന് പൊലീസ് പറയുന്നു. ബന്ധത്തെ കനയ്യസിങ് ശക്തമായി എതിർത്തിരുന്നു. മകളുമായുള്ള അടുപ്പത്തിന്റെ പേരിൽ രജ്‌വീറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് ആദിത്യപൂരില്‍നിന്ന് മറ്റൊരിടത്തേക്ക് മാറിത്താമസിക്കേണ്ടി വന്നു. പിന്നാലെ മകളുടെ വിവാഹം മറ്റൊറാളുമായി നടത്താനുള്ള ശ്രമത്തിലായിരുന്നു കനയ്യ.
വീട്ടിൽ വിവാഹാലോചനകൾ സജീവമായതോടെയാണ് അപർണ പിതാവിനെ വകവരുത്താൻ തീരുമാനിച്ചത്. കാമുകനുമായി സംസാരിച്ചാണ് കൃത്യം ആസൂത്രണം ചെയ്തത്. കാമുകന്റെ സഹായത്തോടെ ക്വട്ടേഷൻ സംഘത്തെ കണ്ടെത്തി. സംഘത്തിന് തന്റെ വജ്രമോതിരവും പണവും നൽകി. കൃത്യം നടപ്പാക്കാനുള്ള പണം കണ്ടെത്താനാണ് വജ്രമോതിരം നൽകിയത്. എന്നാൽ ക്വട്ടേഷൻ സംഘത്തിന് രജ്‌വീറാണ് പണം നൽകിയത്. സൗരഭ് കിസ്‌കു എന്നയാളുടെ സഹായത്തോടെയാണ് രജ്‌വീർ 8500 രൂപയ്ക്ക് ബിഹാറിൽനിന്ന് നാടൻ തോക്ക് സംഘടിപ്പിച്ചു.
ജൂൺ 20ന് പട്നയില്‍ വച്ച് കൃത്യം നടത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ആസൂത്രണം പാളിയതോടെ അതു നടന്നില്ല. പിന്നീടാണ് 29-ാം തിയ്യതി ആദിത്യപുരിയിലെ അപ്പാർട്‌മെന്റിൽ വച്ച് കനയ്യയെ വെടിവച്ചു കൊന്നത്. പിതാവിന്റെ ഓരോ നീക്കങ്ങളും അപർണ തന്നെയാണ് ക്വട്ടേഷൻ സംഘത്തെ അറിയിച്ചത്. ക്വട്ടേഷൻ സംഘാംഗമായ നിഖിൽ ഗുപ്തയാണ് കനയ്യയ്ക്കു നേരെ വെടിയുതിർത്തത്. രവി സർദാർ, ഛോട്ടു ഡിഗ്ഗി എന്നിവരാണ് കൂടെയുണ്ടായിരുന്നത്. സംഭവത്തിന് ശേഷം മൂവരും വ്യത്യസ്ത സ്ഥലങ്ങളിലായി ഒളിവിൽപോയി. ഇവരിൽ നിഖിൽ ഒഴികെ ബാക്കി രണ്ടുപേരും ഒളിവിലാണ്.
വെടിവയ്ക്കാൻ ഉപയോഗിച്ച നാടൻ തോക്കും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. നിഖിൽ ഗുപ്തയ്ക്ക് അപർണ നൽകിയ വജ്രമോതിരവും നാലായിരും രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം കൂടുതൽ പണം നൽകാമെന്ന് അപർണ അറിയിച്ചിരുന്നതായി നിഖിൽ പൊലീസിനോട് പറഞ്ഞു.
Adjust Story Font
16