Quantcast

കട്ടിങ് പ്ലയർ കൊണ്ട് യുവാക്കളുടെ പല്ലുകൾ പിഴുതെടുത്തു, വൃഷ്ണങ്ങൾ ചതച്ചു; യുവ ഐപിഎസ് ഉദ്യോ​ഗസ്ഥനെതിരെ നാല് കേസുകൾ

വിവാഹ തർക്കവുമായി ബന്ധപ്പെട്ട് സിസിടിവി ക്യാമറകൾ തകർത്തതിന്റെ പേരിലായിരുന്നു യുവാക്കളെ പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    25 Jan 2024 6:34 AM GMT

four cases against ips officer and three others for custodial torture against youths
X

ചെന്നൈ: കസ്റ്റഡിയിലെടുത്ത യുവാക്കളോട് കൊടുംക്രൂരത കാട്ടിയ യുവ ഐപിഎസുകാരനും കീഴുദ്യോഗസ്ഥർക്കുമെതിരെ നാല് കേസുകൾ. കട്ടിങ് പ്ലയർ കൊണ്ട് യുവാക്കളുടെ പല്ലുകൾ പിഴുതെടുത്ത അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ബൽവീർ സിങ്, കള്ളിടൈക്കുറിച്ചി പൊലീസ് സ്റ്റേഷനിലെ മുൻ ഇൻസ്‌പെക്ടർ രാജകുമാരി, കോൺസ്റ്റബിൾമാരായ രാമലിംഗം, ജോസഫ് എന്നിവർക്കെതിരെയാണ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തത്. ജമീൻ സിങ്കംപട്ടിയിലെ സൂര്യ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബി-സിഐഡി പൊലീസിന്റെ നടപടി.

കള്ളിടൈക്കുറിച്ചി പൊലീസ് സ്റ്റേഷനിൽ വച്ച് താൻ അനുഭവിച്ച കസ്റ്റഡി പീഡനത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ വീഡിയോ സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി 323, 324, 326, 506 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് എഎസ്പി ബൽവീർ സിങ്ങിനെതിരെ നാലാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.

കസ്റ്റഡിയിലെടുത്ത ശേഷം ബൽവീർ സിങ് കട്ടിങ് പ്ലയർ കൊണ്ട് പല്ലുകൾ പിഴുതെടുത്തുവെന്നും വൃഷണം ചതച്ചുവെന്നും ആരോപിച്ച് സൂര്യയടക്കം 10 യുവാക്കളാണ് പരാതി ഉന്നയിച്ചത്. തമിഴ്‌നാട്ടിലെ അംബാസമുദ്രം പൊലീസ് ഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളിലായിരുന്നു ക്രൂര സംഭവങ്ങൾ‌ അരങ്ങേറിയത്. വിവാഹ തർക്കവുമായി ബന്ധപ്പെട്ട് സിസിടിവി ക്യാമറകൾ തകർത്തതിന്റെ പേരിലായിരുന്നു യുവാക്കളെ പിടികൂടിയത്.

സംഭവം വിവാദമായതോടെ പൊലീസ് ഡയറക്ടർ ജനറൽ സി. ശൈലേന്ദ്രബാബു ഇടപെട്ട് ബൽവീർ സിങ്ങിനെ സ്ഥലം മാറ്റി. ദക്ഷിണമേഖലാ ഇൻസ്‌പെക്ടർ ജനറൽ അസ്ര ഗാർഗിനാണ് ബൽവീർ സിങ്ങിന്റെ അധിക ചുമതല നൽകുകയും ചെയ്തു. ഐഐടി ബോംബെയിൽ നിന്ന് ബിഇ ബിരുദം നേടിയ 2020 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ബൽവീർ സിങ്. 2022 ഒക്‌ടോബർ 15നാണ് ഇയാൾ അംബാസമുദ്രം പൊലീസ് ഡിവിഷനിൽ എഎസ്‌പിയായി ചുമതലയേറ്റത്.

ഇന്റലിജൻസ് യൂണിറ്റിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് സിങ്ങിന്റെ പെരുമാറ്റത്തെക്കുറിച്ച് തുടക്കം മുതൽ അറിയാമായിരുന്നുവെന്നും അവർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിൽ ഇവർക്ക് ക്രൂര പീഡനം ഏൽക്കേണ്ടി വരില്ലായിരുന്നുവെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പീഡനം നടക്കുമ്പോൾ ഈ പൊലീസ് ഉദ്യോ​ഗസ്ഥൻ സ്ഥലത്തുണ്ടായിരുന്നു.

അംബാസമുദ്രം പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെയും രണ്ട് സഹോദരന്മാരെയും ഉപദ്രവിച്ചുവെന്നും പല്ല് പറിച്ചെടുത്ത് പീഡിപ്പിച്ചുവെന്നും ചെല്ലപ്പ എന്ന യുവാവും വെളിപ്പെടുത്തിയിരുന്നു. യൂണിഫോം ഈരിയ ശേഷം ഷോർട്ട്‌സും ഗ്ലൗസും ധരിച്ചുകൊണ്ടാണ് ക്രൂര മർദനം ആരംഭിച്ചതെന്ന് ചെല്ലപ്പയും സഹോദരങ്ങളും വെളിപ്പെടുത്തിയിരുന്നു. ഇവർ ശിവന്തിപുരത്ത് മട്ടൺ സ്റ്റാൾ നടത്തുന്നവരാണ്.

കൂടാതെ വായിൽ മണ്ണ് തിരുകിക്കയറ്റിയ ശേഷം ചുണ്ടുകൾ അടിച്ചു പൊട്ടിച്ചെന്നും പരിക്കേറ്റവർ വെളിപ്പെടുത്തിയിരുന്നു. തന്റെ മൂന്ന് പല്ലുകളാണ് പ്ലെയർ കൊണ്ട് പറിച്ചെടുത്തതെന്ന് മർദനമേറ്റ ഒരാൾ പറഞ്ഞു. ഈയിടെ വിവാഹം കഴിഞ്ഞ മാരിയപ്പൻ എന്നയാളെ മർദിക്കാൻ തുടങ്ങിയപ്പോൾ ഒപ്പമുള്ളവർ യുവ ഐപിഎസുകാരനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.

നവ വരനാണെന്നും അയാളെ മർദിക്കരുതെന്നും ബന്ധുക്കൾ കേണപേക്ഷിച്ചിട്ടും സിങ് മർദനം തുടർന്നു. തുടർന്ന് ഇയാളുടെ വൃഷണം അടിച്ച് ചതച്ച് കൊടും ക്രൂരക കാട്ടുകയും ചെയ്തു. ആക്രമണത്തിൽ മാരിയപ്പന് ​ഗുരുതരമായി പരിക്കേറ്റിരുന്നു.

TAGS :

Next Story