70 വർഷത്തിന് ശേഷം ഇന്ത്യയിൽ ആദ്യം; നാല് ചീറ്റക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ 'സിയ'
2022-ലാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചത്
ന്യൂഡൽഹി: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നാല് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു. 70വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ ചീറ്റക്കുഞ്ഞുങ്ങൾ പിറക്കുന്നത്. പ്രൊജക്ട് ചീറ്റയുടെ ഭാഗമായി ഇന്ത്യയിലെത്തിച്ച നമീബിയൻ കടുവകളിൽ ഒന്നായ 'സിയ'യാണ് കുഞ്ഞുങ്ങളെ പ്രസവിച്ചത്. അമ്മയം കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നെന്നാണ് റിപ്പോർട്ട്.
കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവാണ് ചീറ്റക്കുട്ടികൾ പിറന്ന കാര്യം ആദ്യമായി പങ്കുവെച്ചത്. ചീറ്റക്കുഞ്ഞുങ്ങളുടെ വീഡിയോ ക്ലിപ്പും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. 'അഭിനന്ദനങ്ങൾ. അമൃത് കാലിൽ നമ്മുടെ വന്യജീവി സംരക്ഷണ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം! 2022 സെപ്തംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലേക്ക് എത്തിച്ച ചീറ്റപ്പുലികളിൽ ഒന്നിന് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ വാർത്ത പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്,' എന്ന കുറിപ്പോടെയാണ് ഭൂപേന്ദ്ര യാദവ് ട്വീറ്റ് ചെയ്തത്.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനും ചീറ്റ പ്രസവിച്ചതിന്‍റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
കുനോ നാഷണൽ പാർക്കിലെ പുതിയ പരിസ്ഥിതിയുമായി നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകൾ നന്നായി പൊരുത്തപ്പെടുന്നു എന്നതിന്റെ നല്ല സൂചനയാണ് കുഞ്ഞുങ്ങളുടെ ജനനമെന്നും അധികൃതരെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
2022-ലാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ഇറക്കുമതി ചെയ്ത് കുനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചത്. നാലിനും ആറിനും ഇടയിൽ പ്രായമുള്ള അഞ്ച് പെൺ ചീറ്റപ്പുലികളെയും മൂന്ന് ആൺ ചീറ്റപ്പുലികളെയുമാണ് ഇന്ത്യയിലെത്തിച്ചത്. ഈ ചീറ്റപ്പുലികളൊന്നായ 'സാഷ' തിങ്കളാഴ്ച ചത്തിരുന്നു. ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് വൃക്കയിൽ അണുബാധയുണ്ടായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
Adjust Story Font
16