സംഘർഷം അയയാതെ മണിപ്പൂർ; നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി
പാടത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്
മണിപ്പൂരിൽ പാടത്ത് ജോലി ചെയ്യുകയായിരുന്ന നാല് തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തി. ആയുധധാരികൾ വാഹനത്തിലെത്തി പ്രകോപനമൊന്നും കൂടാതെ കർഷക തൊഴിലാളികളെ വെടിവെക്കുകയായിരുന്നു. ബിഷ്ണുപൂർ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട നാല് പേരും മെയ്തേയി വിഭാഗത്തിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്.
രണ്ട് ദിവസം മുമ്പ് ആയുധധാരികളുടെ ആക്രമണത്തിൽ മണിപ്പൂരിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്.
നേരത്തെയും ബിഷ്ണുപൂരിൽ ആക്രമണങ്ങൾ നടന്നിരുന്നു. കുക്കികളും മെയ്തേയികളും തമ്മിൽ അതിർത്തി പങ്കിടുന്ന സ്ഥലം കൂടിയാണിത്. നേരത്തെ രാത്രികാലങ്ങളിൽ മറ്റുള്ളവരെ പ്രദേശങ്ങളിൽ നുഴഞ്ഞുകയറി ആക്രമണം നടത്തുകയായിരുന്നു പതിവ്.
ഇപ്പോൾ പട്ടാപ്പകലും ആക്രമണം ആരംഭിച്ചിരിക്കുകയാണ്. പൊലീസിൽനിന്ന് മോഷ്ടിച്ച ആയുധങ്ങൾ കലാപാരികളുടെ കൈകളിൽനിന്ന് തിരിച്ചെടുത്തതായി മണിപ്പൂർ മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നെങ്കിലും വെടിവെപ്പ് തുടരുകയാണ്. 2023 മേയിലാണ് മെയ്തേയികളും കുക്കികളും തമ്മിൽ സംഘർഷം തുടങ്ങിയത്. ഇതുവരെ സംഘർഷങ്ങളിൽ 207 പേർ മരിച്ചുവെന്നാണ് കണക്ക്.
Adjust Story Font
16