പെട്രോൾ പമ്പിലും കടകളിലും ക്യുആർ കോഡ് മാറ്റി തട്ടിപ്പ്; മധ്യപ്രദേശിൽ പ്രതികൾക്കായി വലവിരിച്ച് പൊലീസ്
സ്‌കാൻ ചെയ്‌ത ക്യുആർ കോഡിൽ കടയുടെ പേരിന് പകരം 'ഛോട്ടു തിവാരി' എന്ന മറ്റൊരു പേര് കാണിച്ചതായി ഒരു ഉപഭോക്താവ് ചൂണ്ടിക്കാട്ടിയതോടെ സംശയം ഇരട്ടിച്ചു...
ക്യു ആർ കോഡ് മാറ്റിവെച്ച് തട്ടിപ്പ് നടത്തുന്ന രീതി പുതുമയുള്ളതല്ല. ഓൺലൈൻ തട്ടിപ്പുകൾ പുതിയ രീതിയിൽ എത്തുമ്പോൾ മധ്യപ്രദേശിൽ കടകളിൽ ക്യുആർ കോഡ് മാറ്റിവെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചിരിക്കുകയാണ് ഒരു സംഘം. രാത്രിയുടെ മറവിൽ നിരവധി കടകൾക്കും സ്ഥാപനങ്ങൾക്കും പുറത്ത് ഒട്ടിച്ചിരുന്ന ക്യുആർ കോഡുകൾ മാറ്റി തട്ടിപ്പുകാരുടെ അക്കൗണ്ടിന്റെ കോഡാണ് സ്ഥാപിച്ചത്.
ഛത്തർപൂർ ജില്ലയിലെ ഖജുരാഹോ മേഖലയിലെ പെട്രോൾ പമ്പുകൾ ഉൾപ്പെടെ നിരവധി കടകളിലെ ക്യുആർ കോഡുകൾ തട്ടിപ്പുകാർ മാറ്റിയതായി കണ്ടെത്തി. സിസിടിവിയിൽ കുടുങ്ങിയ തട്ടിപ്പുകാർക്കായി പൊലീസ് അന്വേഷണം തുടങ്ങി.
തട്ടിപ്പാദ്യം കടയുടമയുടെ ശ്രദ്ധയിലാണ് പെട്ടത്. രാവിലെ മുതൽ ഉപഭോക്താക്കൾ നൽകുന്ന പണം അക്കൗണ്ടുകളിലേക്ക് എത്തുന്നില്ലെന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോൾ വ്യക്തമായി. സ്‌കാൻ ചെയ്‌ത ക്യുആർ കോഡിൽ കടയുടെ പേരിന് പകരം 'ഛോട്ടു തിവാരി' എന്ന മറ്റൊരു പേര് കാണിച്ചതായി ഒരു ഉപഭോക്താവ് ചൂണ്ടിക്കാട്ടിയതോടെ സംശയം ഇരട്ടിച്ചു. ഇതോടെയാണ് സിസിടിവി പരിശോധിച്ചത്.
രാത്രി മുഖംമൂടി ധരിച്ച മൂന്ന് ആളുകൾ കടയിലെത്തി ക്യുആർ കോഡ് മാറ്റുന്നത് വീഡിയോയിൽ കാണാം. നാരായണ മാർക്കറ്റിലെ ഒരു കടയുടെ ഉടമയായ നിതേഷ് ഗുപ്‌തക്ക് വ്യാജ ക്യുആർ കോഡ് വഴി 985 രൂപയാണ് നഷ്‌ടമായത്. പെട്ടെന്ന് നടപടിയെടുത്തത് കാരണം കൂടുതൽ പണം നഷ്‌ടമായില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കടയുടമകൾ അവരുടെ ക്യുആർ കോഡുകൾ പതിവായി പരിശോധിക്കുകയും സംശയാസ്‌പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുകയും വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
Adjust Story Font
16