തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ സൗജന്യ രാമക്ഷേത്ര ദർശനത്തിന് അവസരം: അമിത് ഷാ
രാമക്ഷേത്ര ദർശനത്തിന് അവസരം നൽകുമെന്ന് മധ്യപ്രദേശിലും അമിത് ഷാ വാഗ്ദാനം ചെയ്തിരുന്നു.
ഹൈദരാബാദ്: തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ അയോധ്യയിൽ പുതുതായി നിർമിക്കുന്ന രാമക്ഷേത്രത്തിൽ സൗജന്യ ദർശനത്തിന് അവസരമൊരുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യപ്രദേശിലും അമിത് ഷാ ഇതേ വാഗ്ദാനം നൽകിയിരുന്നു. ബി.ആർ.എസിന് (ഭാരത് രാഷ്ട്ര സമിതി) വി.ആർ.എസ് (വിരമിക്കൽ) നൽകി ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനുള്ള അവസരമാണ് തെലങ്കാനയിലെ ജനങ്ങൾക്ക് കൈവന്നിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ഗഡ്‌വാളിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ഐ.എം.ഐ.എം, കോൺഗ്രസ്, ബി.ആർ.എസ് എന്നീ പാർട്ടികളിൽ കുടുംബ ഭരണമാണ് നടക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. കെ. ചന്ദ്രശേഖര റാവുവും ശേഷം മകൻ കെ.ടി രാമറാവുവും നയിക്കുന്ന 2ജി ഭരണമാണ് ബി.ആർ.എസിൽ നടക്കുന്നത്. എ.ഐ.എം.ഐ.എമ്മിൽ 3ജി ഭരണമാണ് ഇപ്പോഴുള്ളത്. കോൺഗ്രസിൽ ഫിറോസ് ഗാന്ധി, ഇന്ദിരാ ഗാന്ധി, സോണിയാ ഗാന്ധി, എന്നിവർക്ക് ശേഷം രാഹുൽ ഗാന്ധിയുടെ നാലാം തലമുറ (4ജി) നേതൃത്വമാണ് ഇപ്പോഴുള്ളതെന്നും അമിത് ഷാ പരിഹസിച്ചു.
തെലങ്കാനയിൽ ബി.ആർ.എസ് സർക്കാരിനെ നിയന്ത്രിക്കുന്നത് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയാണെന്ന് അമിത് ഷാ ആരോപിച്ചു. തെലങ്കാനയിൽ ബി.ആർ.എസിന്റെ നേതൃത്വത്തിൽ വൻ അഴിമതിയാണ് നടക്കുന്നത്. മിഷൻ ഭഗീരഥ, മിയാപൂർ ഭൂമി കുംഭകോണം എന്നിവയിൽ 400 കോടിയുടെ അഴിമതി നടന്നു. റിങ് റോഡ് പദ്ധതിയിൽ 3300 കോടിയുടെ അഴിമതിയാണ് നടന്നത്. കലേശ്വരം പദ്ധതിയിൽ 40,000 കോടിയുടെയും മിഷൻ കാകതീയയിൽ 22000 കോടിയുടെയും അഴിമതി നടന്നുവെന്നും അമിത് ഷാ ആരോപിച്ചു.
Adjust Story Font
16