വനിതകൾക്ക് സൗജന്യ യാത്ര; പ്രഖ്യാപനവുമായി കോൺഗ്രസ്
'കർണാടകയിൽ അധികാരത്തിൽ എത്തിയാൽ ആദ്യദിനം മുതൽ വാഗ്ദാനം പാലിക്കും' എന്നാണ് രാഹുൽ പറഞ്ഞത്
മംഗലാപുരം: കർണാടകയിൽ പൊതുഗതാഗതത്തിൽ വനിതകൾക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കോൺഗ്രസ്. മംഗലാപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുൽ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. 'കർണാടകയിൽ അധികാരത്തിൽ എത്തിയാൽ ആദ്യദിനം മുതൽ വാഗ്ദാനം പാലിക്കും' എന്നാണ് രാഹുൽ പറഞ്ഞത്. അഴിമതിയിലൂടെ ബിജെപി കർണാടകയിലെ പണം അപഹരിക്കുകയാണെന്നും നാടിന്റെ സമ്പത്ത് ജനങ്ങൾക്കു തന്നെ നൽകുക എന്നതാണ് കോൺഗ്രസിന്റെ നയം എന്നും രാഹുൽ ഗാന്ധി മംഗലാപുരത്ത് പറഞ്ഞു.
എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ സൗജന്യ അരി, ഓരോ കുടുംബത്തിലെയും സ്ത്രീക്ക് പ്രതിമാസം 2000 രൂപ ധനസഹായം, ബിരുദധാരികളായ യുവാക്കൾക്ക് പ്രതിമാസം 3000 എന്നിങ്ങനെയാണ് കോൺഗ്രസിന്‍റെ മറ്റു വാഗ്ദാനങ്ങള്‍.
എന്നാൽ വാറന്റി തന്നെ കാലഹരണപ്പെട്ട പാർട്ടിയുടെ ഉറപ്പുകള്‍ക്ക് അർത്ഥമില്ലെന്നാണ് ഇതിനെതിരെ മോദി പ്രതികരിച്ചത്. കോൺഗ്രസ് പാർട്ടിയുടെ ഉറപ്പ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ ബി.ജെ.പിയുടെ പ്രകടന പത്രികകളും പ്രധാനമന്ത്രി നോക്കണം. അവർക്ക് അത് പാലിക്കാൻ കഴിഞ്ഞില്ല, അതിനാലാണ് സർക്കാർ പരാജയപ്പെട്ടതെന്നും ശിവകുമാർ പറഞ്ഞു."കോൺഗ്രസിന്റെ ഉറപ്പുകൾ ബിജെപിയെപ്പോലെയല്ല. ഞങ്ങളുടെ വാഗ്ദാനങ്ങളിൽ 95 ശതമാനവും ഞങ്ങൾ നിറവേറ്റിയിട്ടുണ്ട്. കോൺഗ്രസ് ഇവിടെ അധികാരത്തിൽ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്," ശിവകുമാർ കൂട്ടിച്ചേർത്തു.
കർണാടകയിൽ മെയ് 10 ന് തിരഞ്ഞെടുപ്പ് നടക്കുക. മെയ് 13 ന് ഫലം പ്രഖ്യാപിക്കും.
Adjust Story Font
16