വിമാനത്തിൽ പുകവലി, സീറ്റിൽ മലവിസർജനം; ഫ്രഞ്ച് പൗരൻ അറസ്റ്റില്‍
കഴിഞ്ഞ ദിവസം ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽനിന്ന് മുംബൈയിലെത്തിയ വിസ്താര യു.കെ 024 വിമാനത്തിലാണു സംഭവം
മുംബൈ: വിമാനത്തിൽ പുകവലിക്കുകയും സീറ്റിൽ മലവിസർജനം നടത്തുകയും ചെയ്ത ഫ്രഞ്ച് പൗരൻ അറസ്റ്റിൽ. വിസ്താരയുടെ പാരിസ്-മുംബൈ ഫ്‌ളൈറ്റിലാണ് 36കാരനായ ഗൗട്ടിയർ ഹെൺറി ബ്രോക്‌സിന്റെ മോശം പെരുമാറ്റം. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ മുംബൈയിലെ സഹാർ പൊലീസിന് കൈമാറി.
കഴിഞ്ഞ ദിവസം ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽനിന്ന് മുംബൈയിലേക്ക് എത്തിയ വിസ്താര യു.കെ 024 വിമാനത്തിലാണു സംഭവം. യാത്രയ്ക്കിടയിൽ സീറ്റിലിരുന്ന് പുക വലിക്കുകയായിരുന്നു ആദ്യം ഗൗട്ടിയർ ചെയ്തത്. ഇതിൽ യാത്രക്കാർ പരാതി പറയുകയും വിമാനത്തിലെ ജീവനക്കാർ മുന്നറിയിപ്പ് നൽകുകയും ചെയ്‌തെങ്കിലും യുവാവിന് ഒരു കൂസലുമുണ്ടായിരുന്നില്ല. ഇതിനിടയിലാണ് സീറ്റിൽ മലവിസർജനം നടത്തുക കൂടി ചെയ്തത്. ഇതോടെ മുംബൈയിലെ ഛത്രപതി ശിവാജി വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിനു സംഭവത്തെക്കുറിച്ച് സന്ദേശം അയയ്ക്കുകയായിരുന്നു.
രാവിലെ 9.15ഓടെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിനു പിന്നാലെ പ്രതിയെ വിസ്താര സെക്യൂരിറ്റി സൂപ്പർവൈസർ സഹാർ പൊലീസിനു കൈമാറി. വിമാനയാത്രയ്ക്കിടയിലെ മോശം പെരുമാറ്റത്തിന് ഇയാൾക്കെതിരെ കേസെടുത്തു. ഐ.പി.സി, വിമാന നിയമം എന്നിവയിലെ വിവിധ വകുപ്പുകളാണു ചുമത്തിയത്. തുടർന്ന് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഗൗട്ടിയർ ബ്രോക്‌സിനെ 30,000 രൂപയുടെ ജാമ്യത്തുക കെട്ടിവച്ച ശേഷം വിട്ടയച്ചിരിക്കുകയാണ്.
Summary: French national arrested for smoking, defecating on Paris-Mumbai flight
Adjust Story Font
16