Quantcast

ഗുജറാത്ത് കലാപവും മുഗൾ ഭരണവും ഭരണഘടനാ നിർമാണവും ഒഴിവാക്കി; എൻസിഇആർടി പാഠപുസ്തകങ്ങളിൽ വൻ വെട്ടിനിരത്തൽ

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള വിവരങ്ങൾ, അടിയന്തരാവസ്ഥ ജനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കുമുണ്ടാക്കിയ ആഘാതങ്ങൾ, നർമദ ബച്ചാവോ ആന്തോളൻ, ഭാരതീയ കിസാൻ യൂണിയൻ തുടങ്ങിയ സാമൂഹിക മുന്നേറ്റ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പാഠപുസ്തകങ്ങളിൽനിന്ന് നീക്കി.

MediaOne Logo

Web Desk

  • Published:

    18 Jun 2022 5:40 AM GMT

ഗുജറാത്ത് കലാപവും മുഗൾ ഭരണവും ഭരണഘടനാ നിർമാണവും ഒഴിവാക്കി; എൻസിഇആർടി പാഠപുസ്തകങ്ങളിൽ വൻ വെട്ടിനിരത്തൽ
X

ന്യൂഡൽഹി: 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയത് മുതൽ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നടക്കുന്നത് വൻ വെട്ടിനിരത്തലുകൾ. സംഘ്പരിവാർ ആശയങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതും ബിജെപിയെയും ആർഎസ്എസിനെയും പ്രതിരോധത്തിലാക്കുന്നതുമായ പാഠഭാഗങ്ങളാണ് ഒഴിവാക്കുന്നത്. 'ഇന്ത്യൻ എക്‌സ്പ്രസ്' പത്രമാണ് മോദി സർക്കാർ അധികാരത്തിലെത്തിയത് മുതൽ പാഠപുസ്തകങ്ങളിൽ നടത്തിയ വെട്ടിനിരത്തലുകളെക്കുറിച്ച് വാർത്താ പരമ്പര പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള വിവരങ്ങൾ, അടിയന്തരാവസ്ഥ ജനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കുമുണ്ടാക്കിയ ആഘാതങ്ങൾ, നർമദ ബച്ചാവോ ആന്തോളൻ, ഭാരതീയ കിസാൻ യൂണിയൻ തുടങ്ങിയ സാമൂഹിക മുന്നേറ്റ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പാഠപുസ്തകങ്ങളിൽനിന്ന് നീക്കി.

മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം മൂന്നാം തവണയാണ് പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുന്നത്. 2017ലാണ് ആദ്യമായി പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചത്. അധികവിവരങ്ങൾ കൂട്ടിച്ചേർക്കലും തെറ്റ് തിരുത്തലും അടക്കം 182 പുസ്തകങ്ങളിലായി 1,334 മാറ്റങ്ങളാണ് അന്ന് വരുത്തിയത്. 2019-ലാണ് രണ്ടാമതായി പുസ്തകങ്ങൾ പരിഷ്‌കരിച്ചത്. അന്ന് കുട്ടികളുടെ പഠനഭാരം കുറയ്ക്കാനെന്ന പേരിലാണ് നിരവധി പാഠഭാഗങ്ങൾ ഒഴിവാക്കിയത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആറു മുതൽ 12 വരെ ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതിയുടെ ഉള്ളടക്കം കുറച്ച് യുക്തിസഹമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നടപ്പാക്കുന്ന പരിഷ്‌കാരമെന്നാണ് എൻസിഇആർടി ഉദ്യോഗസ്ഥൻ നൽകുന്ന വിശദീകരണം.

പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽനിന്നാണ് ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയത്. 'സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം' എന്ന അധ്യായം പൂർണമായും ഒഴിവാക്കി. ഗുജറാത്ത് കലാപത്തിന്റെ പേരിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നടത്തിയ വിമർശനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 'മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് അപകടമാണ് എന്നതിന്റെ തെളിവാണ് ഗുജറാത്ത് കലാപം പോലുള്ള സംഭവങ്ങൾ. ഇത് ജനാധിപത്യ രാഷ്ട്രീയത്തിന് വെല്ലുവിളിയാണ്'-മനുഷ്യാവകാശ കമ്മീഷന്റെ ഈ നിരീക്ഷണം അടക്കം ഒഴിവാക്കിയ ഭാഗത്തുണ്ടായിരുന്നു.

കലാപസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സർക്കാറിനെ വിമർശിച്ചുകൊണ്ട് നടത്തിയ പരാമർശവും ഒഴിവാക്കിയ പാഠഭാഗത്തുണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി രാജധർമം പാലിക്കണം എന്ന വാജ്‌പേയിയുടെ പ്രശസ്തമായ പരാമർശം ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഇതും ഒഴിവാക്കിയിട്ടുണ്ട്. ഒരു ഭരണാധികാരി തന്റെ പ്രജകൾക്കിടയിൽ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഒരു വിവേചനവും നടത്തരുതെന്ന് 2002 മാർച്ചിൽ അഹമ്മദാബാദിൽ അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയുടെ അരികിലിരുന്ന നടത്തിയ വാർത്താസമ്മേളനത്തിൽ വാജ്‌പേയ് പറഞ്ഞിരുന്നു.

ഹിസ്റ്ററി പാഠപുസ്തകങ്ങളിൽനിന്ന് മുഗൾ സദസ്സുകളെക്കുറിച്ചുള്ള മുഴുവൻ ഭാഗങ്ങളും നീക്കി. ഏഴ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽനിന്ന് ദളിത് എഴുത്തുകാരൻ ഓം പ്രകാശ് വാൽമീകിയെക്കുറിച്ചുള്ള ഭാഗവും നീക്കി. എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിൽ ഭരണഘടനാ നിർമാണത്തെക്കുറിച്ചും സംസ്ഥാന രൂപവത്കരണത്തെക്കുറിച്ച് പഞ്ചവത്സര പദ്ധതികളെക്കുറിച്ചുമുള്ള അധ്യായങ്ങളും ഇനിയുണ്ടാവില്ല.

TAGS :

Next Story