ഉന്നാവോ ഇരയുടെ അമ്മ, സിഎഎ സമരനേതാവ്, യോഗിയെ ചോദ്യം ചെയ്ത ആശാ വർക്കർ; കോണ്‍ഗ്രസ് പട്ടികയിലെ 'സര്‍പ്രൈസു'കള്‍
ദലിത്, ആദിവാസി, ന്യൂനപക്ഷ, സ്ത്രീ പ്രതിനിധികളെ അണിനിരത്തി പാർട്ടിയുടെ നയപ്രഖ്യാപനം നടത്തിയിരിക്കുകയാണ് യുപിയില്‍ പ്രിയങ്ക ഗാന്ധി
ഉത്തർപ്രദേശിൽ വലിയ സര്‍പ്രൈസുമായാണ് കോണ്‍ഗ്രസിന്‍റെ ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പുറത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന അജണ്ടയെ കൃത്യമായി പ്രതിഫലിക്കുന്നതാണ് വൈവിധ്യം നിറഞ്ഞതും സാമൂഹിക പ്രാധാന്യം നിറഞ്ഞതുമായ പട്ടിക. ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയുടെ അമ്മ മുതൽ സിഎഎ സമരനേതാവ്, ആദിവാസി നേതാവ്, യോഗി ആദിത്യനാഥിനെ ചോദ്യംചെയ്തതിന്റെ പേരിൽ ആക്രമണം നേരിട്ട ആശാവർക്കർ അടക്കം ഈ പട്ടികയിലൂടെ ബിജെപിക്കുള്ള കൃത്യമായ മുന്നറിയിപ്പ് തന്നെയാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. സ്ഥാനാർത്ഥിപ്പട്ടികയിൽ 40 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പിച്ചും വനിതാ വോട്ടര്‍മാരെ പിടിക്കാനുള്ള നീക്കവു യുപിയുടെ ചുമതലയുള്ള കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരംഭിച്ചുകഴിഞ്ഞു.
ആശാ സിങ് മുതൽ നിദാ അഹ്‌മദ് വരെ
പുരോഗതിയുടെ പാതയിൽ ഉത്തർപ്രദേശിന് കരുത്താകാൻ പോകുന്ന സാമൂഹികനീതിയുടെ കരുത്തുറ്റ ശബ്ദങ്ങളാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെന്നാണ് വിർച്വൽ വാർത്താസമ്മേളനത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞത്. ദലിത്, ആദിവാസി, ന്യൂനപക്ഷ, സ്ത്രീ പ്രതിനിധികളെ അണിനിരത്തി പാർട്ടിയുടെ നയപ്രഖ്യാപനം നടത്തിയിരിക്കുകയാണ് യുപിയില്‍ പ്രിയങ്ക ഗാന്ധി. ഓരോ സ്ഥാനാർത്ഥികളുടെയും സവിശേഷതകൾ എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു പ്രിയങ്കയുടെ വാർത്താസമ്മേളനം.
ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയായ ആഷ സിങ് തന്നെയാണ് സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും ശ്രദ്ധേയമായ മുഖം. 2017ൽ നടന്ന ബലാത്സംഗത്തിൽ പ്രധാന കുറ്റാരോപിതരിൽ ഒരാൾ അന്ന് എംഎൽഎയായിരുന്ന ബിജെപി നേതാവ് കുൽദീപ് സിങ് സെംഗാറായിരുന്നു. ആശാ സിങ്ങിന്റെ ഉറച്ച പോരാട്ടത്തിനൊടുവിലായിരുന്നു സംഭവത്തിൽ കുൽദീപിനെതിരെ കേസെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതുമെല്ലാം. ഇതിനിടയിൽ പൊലീസ് കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്ത ആശയുടെ ഭർത്താവ് കസ്റ്റഡി മർദനത്തിനിരയായി മരിക്കുകയും ചെയ്തു. എന്നിട്ടും പോരാട്ടം തുടർന്ന ആഷയുടെ പോരാട്ടത്തിനൊടുവിൽ കുൽദീപ് സിങ്ങിന് ജീവപര്യന്തം തടവുശിക്ഷ വാങ്ങിക്കൊടുക്കാനായി. ഉന്നാവോയിൽ തന്നെയാണ് ആശ മത്സരിക്കുക.
മറ്റൊരു പ്രമുഖ സ്ഥാനാർത്ഥി സദഫ് സഫറാണ്. ലഖ്‌നൗ സെൻട്രൽ സീറ്റിലാണ് സദഫിനെ ഇറക്കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഉത്തർപ്രദേശിലെ പോരാട്ടങ്ങൾക്കുമുന്നിലുണ്ടായിരുന്ന നേതാവാണ് ഇവർ. സമരത്തിനിടെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഷാജഹാൻപൂരിലാണ് ആശാവർക്കറായ പൂനം പാണ്ഡെ മത്സരിക്കുന്നത്. ആശാവർക്കർമാരുടെ വേതനവർധനയ്ക്കുവേണ്ടിയുള്ള പോരാട്ടം നയിച്ചയാളാണ് പൂനം. ഷാജഹാൻപൂരിൽ ഒരു പൊതുപരിപാടിക്കിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് മുഖത്തുനോക്കി വേതന കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ടും വാർത്തകളിൽ നിറഞ്ഞു. അന്ന് പരിപാടിക്കിടെ ബിജെപി പ്രവർത്തകർ ഇവരെ കൈയേറ്റം ചെയ്യുകയും ചെയ്തു.
സോനഭദ്രയിലെ ആദിവാസി നേതാവാണ് ഒബ്രയിൽ മത്സരിക്കുന്ന രാജ്രാം ഗോണ്ട. ഇവിടെ ഉയർന്ന ജാതിക്കാർ നടത്തിയ ആദിവാസി കൂട്ടക്കൊലയ്‌ക്കെതിരെ തന്റെ സമുദായത്തെ സംഘടിപ്പിച്ചയാൾകൂടിയാണ് അദ്ദേഹം. പ്രിയങ്ക ഗാന്ധി നേരത്തെ തന്നെ രാജ്രാമിന്റെ പോരാട്ടത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.
ബ്ലോക്ക് തെരഞ്ഞെടുപ്പിൽ നാമനിർദേശം നൽകുന്നതിനിടെ ബിജെപി ആക്രമണത്തിനിരയായ റിതു സിങ്, മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദിന്റെ ഭാര്യ ലൂയിസ് ഖുർഷിദ്, മാധ്യമപ്രവർത്തക നിദ അഹ്‌മദ് തുടങ്ങിയവരെല്ലാം കോൺഗ്രസിന്റെ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
Summary: From Unnao rape victim's mother to CAA protest leader: Congress's surprising move in UP
Adjust Story Font
16