പെട്രോളിയം ഉത്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രം
സർക്കാരിന് നീക്കത്തിനെതിരെ സ്വകാര്യ പെട്രോളിയം കമ്പനികൾ രംഗത്തെത്തി
ഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. നിലവിലെ സാഹചര്യത്തിൽ കമ്പനികൾക്ക് ലഭിക്കുന്ന അധിക ലാഭത്തിന്മേൽ നികുതി ഈടാക്കാനാണ് ആലോചിക്കുന്നത്. സർക്കാരിന് നീക്കത്തിനെതിരെ സ്വകാര്യ പെട്രോളിയം കമ്പനികൾ രംഗത്തെത്തി.
പ്രതീക്ഷിക്കാതെ അല്ലെങ്കിൽ ഭാഗ്യം കൊണ്ട് ലഭിക്കുന്ന ലാഭത്തെ ആണ് സാമ്പത്തിക രംഗത്ത് വിൻഡ് ഫാൾ ഏർണിംഗ്സ് എന്ന് പറയുന്നത്. റഷ്യ യുക്രൈൻ യുദ്ധം കാരണം പെട്രോളിയം കമ്പനികൾ നേടിയ അധിക ലാഭത്തിന്മേൽ നികുതി ചുമത്തനാണ് കേന്ദ്ര സർക്കാരിന്‍റെ നീക്കം. ഇന്ത്യയിൽ വിൻഡ് ഫാൾ നികുതി ഈടാക്കാനുള്ള നീക്കം മുൻപും നടന്നിട്ടുണ്ടെങ്കിലും പിന്നീടത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. 2008ലും 2018ലുമാണ് രാജ്യത്ത് വിൻഡ് ഫാൾ നികുതി ഈടാക്കാൻ നീക്കമുണ്ടായത്. എന്നാൽ പെട്രോളിയം കമ്പനികളുടെ എതിർപ്പിനെ തുടർന്ന് അന്നത് ഉപേക്ഷിക്കുകയായിരുന്നു.
എണ്ണ വിതരണ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് കൂടുതൽ വിഹിതം സർക്കാർ വാങ്ങണമെന്നാണ് സ്വകാര്യ പെട്രോളിയം കമ്പനികൾ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. എന്നാൽ ഇത്തരം ഒരു നിലപാട് വിപണിയിൽ നിന്ന് കൂടുതൽ ലാഭം സ്വകാര്യ കമ്പനികൾക്ക് നേടാനേ ഉപകരിക്കൂ. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ രാജ്യങ്ങൾ ഇതിനോടകം വിൻഡ് ഫാൾ നികുതി സമാഹരണം ആരംഭിച്ചിട്ടുണ്ട്. 25% ആണ് ഹംഗറി ചുമത്തിയിരിക്കുന്ന നികുതി. പണപ്പെരുപ്പം മറികടക്കാൻ പെട്രോളിയം ഉൽപന്നങ്ങൾക്ക് അനുവദിച്ച ഇളവ് 2.2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇതിനു പുറമെ വളം സബ്‌സിഡി, സൗജന്യ റേഷൻ എന്നിവ വഴിയും നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ് സർക്കാരിന്‍റെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇത് മറികടക്കാൻ മറ്റു വരുമാന സ്രോതസുകൾ സർക്കാർ കണ്ടെത്തണമെന്നും വിദഗ്ധര്‍ നിർദേശിക്കുന്നു.
Adjust Story Font
16