Quantcast

'വിമാനത്തിലിരുന്ന് 'പണി'യെടുത്ത പ്രധാനമന്ത്രിമാർ വേറെയുമുണ്ട്' മോദിയെ തിരുത്തി സോഷ്യൽ മീഡിയ

മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പോകുന്നതിനിടെ വിമാനത്തില്‍ വെച്ചെടുത്ത ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെയാണ് മോദിക്ക് സോഷ്യല്‍ മീഡിയ ട്രോള്‍ മഴ വന്നുതുടങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2021-09-23 08:47:14.0

Published:

23 Sep 2021 8:37 AM GMT

വിമാനത്തിലിരുന്ന് പണിയെടുത്ത പ്രധാനമന്ത്രിമാർ വേറെയുമുണ്ട് മോദിയെ തിരുത്തി സോഷ്യൽ മീഡിയ
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് സൈബറിടത്തില്‍ പൊങ്കാല. മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പോകുന്നതിനിടെ വിമാനത്തില്‍ വെച്ചെടുത്ത ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെയാണ് മോദിക്ക് സോഷ്യല്‍ മീഡിയ ട്രോള്‍ മഴ വന്നുതുടങ്ങിയത്.

യാത്രക്കിടെ ഫയലുകള്‍ നോക്കുന്ന ചിത്രമാണ് മോദി ട്വിറ്ററില്‍ പങ്കുവെച്ചത്. ഒരു നീണ്ട വിമാനയാത്ര നിരവധി ഫയലുകൾ പരിശോധിക്കുന്നതിനുള്ള അവസരം കൂടിയാണ് നൽകുന്നതെന്നായിരുന്നു മോദി ചിത്രത്തിനൊപ്പം കുറിച്ചത്. ഇതിനുപിന്നാലെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍‍ വൈറലാകുന്നത്. തുടര്‍ന്ന് ഇത് ആദ്യത്തെ സംഭവമല്ലെന്നും എല്ലാ പ്രധാനമന്ത്രിമാരും ഇങ്ങനെ ചെയ്യാറുണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.



നരേന്ദ്ര മോദി മാത്രമല്ല, ഇന്ത്യയുടെ മറ്റു പ്രധാനമന്ത്രിമാരും യാത്രകള്‍ ക്രിയാത്മകമായി ഉപയോഗിച്ചിരുന്നുവെന്ന തെളിവുകളുമായി ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസും രംഗത്തുവന്നു. പ്രധാനമന്ത്രിയെന്നത് മുഴുവൻ സമയ ജോലിയാണെന്നും വർഷങ്ങളായി ഇന്ത്യയുടെ പ്രധാനമന്ത്രിമാർ അങ്ങനെ തന്നെയാണ് ചെയ്യാറുള്ളതെന്നുമായിരുന്നു ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ട്വീറ്റ്. മുന്‍ പ്രധാനമന്ത്രിമാരുടെ പഴയ ചിത്രങ്ങള്‍ കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്. ജവഹര്‍ലാല്‍ നെഹ്റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, നരസിംഹ റാവു, അടല്‍ ബിഹാരി വാജ്പേയി, മന്‍മോഹന്‍ സിംങ് എന്നവരുടെ പഴയകാല ചിത്രങ്ങളാണ് ട്വീറ്റിനൊപ്പം ഇന്ത്യന്‍ എക്സപ്രസ് പങ്കുവെച്ചിരിക്കുന്നത്.


കടപ്പാട്: ഇന്ത്യന്‍ എക്സ്പ്രസ്

ഇക്കുറി നരേന്ദ്രമോദിയുടെ അമേരിക്കൻ യാത്രയ്ക്ക് പ്രത്യേകതകൾ കൂടുതലാണ്. ബൈഡൻ അമേരിക്കൻ പ്രസിഡന്‍റായി ചുമതലയേറ്റശേഷം ഇരു ഭരണാധികാരികളും ആദ്യമായി നടത്തുന്ന കൂടിക്കാഴ്ചയാണിത്. കൂടാതെ മോദിയുടെ ഇത്തവണത്തെ യാത്ര പുതുതായി വാങ്ങിയ എയർ ഇന്ത്യ വൺ വിമാനത്തിലാണ്

ത്രിദിന അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുലര്‍ച്ചെയാണ് വാഷിങ്ടണിലെത്തിയത്. നാളെ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിലെ ഭരണതലവന്മാരുമായി ഉഭയ കക്ഷി ചർച്ചകളും നടത്തും. മറ്റന്നാൾ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പ്രസംഗിക്കും. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെ വൈറ്റ് ഹൗസിൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി അഫ്ഗാൻ വിഷയം, വ്യാപാര കരാർ, സാങ്കേതിക സഹായം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും. രണ്ടു വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കുന്നത്.

TAGS :

Next Story