മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. ജി.എൻ സായിബാബ അന്തരിച്ചു
ഡൽഹി സർവ്വകലാശാല മുൻ അധ്യാപകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ്
ന്യൂഡൽഹി: മനുഷ്യാവകാശപ്രവർത്തകൻ പ്രൊഫസർ ജി.എൻ സായിബാബ അന്തരിച്ചു. 58 വയസായിരുന്നു. ഹൈദരാബാദിലെ നിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഡൽഹി സർവ്വകലാശാല മുൻ അധ്യാപകനാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 മുതൽ 2024 വരെ ജയിലിലായിരുന്ന സായിബാബയെ 2024 മാർച്ച് അഞ്ചിന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് കുറ്റവിമുക്തനാക്കിയത്. സായിബാബക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് ബോംബെ ഹൈകോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയത്. പിന്നാലെ ഈ മാർച്ച് ഏഴിന് ജയിൽ മോചിതനായി.
സായിബാബയ്ക്ക് പുറമെ കേസിലെ മറ്റ് അഞ്ച് പ്രതികളെയും വെറുതെ വിട്ടിരുന്നു. സായിബാബയും മറ്റുള്ളവരും സി.പി.ഐ (മാവോയിസ്റ്റ്), റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളാണെന്നും ഒളിവിൽ കഴിയുന്ന മാവോവാദികൾക്കുള്ള സന്ദേശം പെൻഡ്രൈവിലാക്കി കൊടുത്തുവിട്ടെന്നുമായിരുന്നു കേസ്. കൂടാതെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യലടക്കമുള്ള കുറ്റങ്ങൾക്ക് യുഎപിഎ ചുമത്തിയായിരുന്നു കേസ്.
2014ലാണ് സായിബാബ ആദ്യം അറസ്റ്റിലായത്. 2016ൽ ജാമ്യം കിട്ടി. പിന്നീട് വീണ്ടും അറസ്റ്റിലായ അദ്ദേഹം 2017മുതൽ നാഗ്പൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് വീൽചെയറിലായിരുന്നു സായിബാബ.
Adjust Story Font
16