ജി 20 ഉച്ചകോടി: ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍, ബുള്ളറ്റ് പ്രൂഫ് കാറുകൾ, ആന്‍റി ഡ്രോൺ സംവിധാനങ്ങൾ; അതീവസുരക്ഷയില്‍ തലസ്ഥാനം
ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി നോർത്തേൺ റെയിൽവേ 300 ട്രെയിനുകൾ റദ്ദാക്കി
അതീവസുരക്ഷയില്‍ തലസ്ഥാനം
ഡല്‍ഹി: സെപ്തംബര്‍ 9,10 തിയതികളിലായി നടക്കുന്ന ജി 20 ഉച്ചകോടിയുടെ മുന്നോടിയായി കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരി. ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുന്നത്. ഉച്ചകോടി നടക്കുന്ന സമയത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും കടകള്‍ തുറക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി നോർത്തേൺ റെയിൽവേ 300 ട്രെയിനുകൾ റദ്ദാക്കി. 36 ട്രെയിനുകൾ ഭാഗികമായി സർവീസ് നടത്തും.
സുരക്ഷാക്രമീകരണങ്ങള്‍ ഇങ്ങനെ
1.ജി 20 ഉച്ചകോടിക്കിടെ 80,000-ത്തോളം വരുന്ന ഡൽഹി പൊലീസ് ഉൾപ്പെടെ 130,000 സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
2.45,000 ഡൽഹി പൊലീസും കേന്ദ്ര സേനാംഗങ്ങളും പതിവ് പോലെ കാക്കിയായിരിക്കില്ല അണിയുന്നത്. പകരം നീലയായിരിക്കും.
3.ഇന്ത്യൻ സൈന്യവും ഡൽഹി പൊലീസും അർദ്ധസൈനിക സേനയും ചേർന്ന് വ്യോമാക്രമണം തടയാൻ ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ വിന്യസിക്കും.
4.നാനൂറോളം അഗ്നിശമന സേനാംഗങ്ങളും രംഗത്തുണ്ടായിരിക്കും.
5.ഉച്ചകോടിക്ക് എത്തുന്ന നേതാക്കളെ വേദിയിലേക്ക് എത്തിക്കുന്നതിനായി 18 കോടി രൂപ ചെലവിൽ 20 ബുള്ളറ്റ് പ്രൂഫ് ലിമോസിനുകളും സർക്കാർ വാടകക്ക് എടുത്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
6.ഡൽഹിയുടെ അതിർത്തികളില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തുകയും നഗരത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്യും.
7.വിപുലമായതും നവീകരിച്ചതുമായ പ്രഗതി മൈതാനത്ത് സുരക്ഷാ കൺട്രോൾ റൂമുകളും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ താമസിക്കുന്ന ഐടിസി മൗര്യ ഹോട്ടൽ പോലുള്ള പ്രധാന ഹോട്ടലുകളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, സൗദിയുടെ മുഹമ്മദ് ബിൻ സൽമാന്‍ എന്നീ പ്രമുഖ ലോകനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ജപ്പാൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുക്രൈന്‍ യുദ്ധത്തിന്റെ പേരിൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വിമർശനം നേരിടുന്ന റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു.ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, ലോക വ്യാപാര സംഘടന, ലോകാരോഗ്യ സംഘടന എന്നിവയുടെ തലവൻമാരും പങ്കെടുക്കും.
Adjust Story Font
16