Quantcast

മഹാത്മാവിന്റെ ഒറ്റ മുണ്ടിലേക്കുള്ള മാറ്റത്തിന് 100 വയസ്സ്

1921 പകുതിയോടെ നിസ്സഹരകണ സമരം വിദേശ വസ്ത്ര ബഹിഷ്‌ക്കരണത്തിലേക്ക് കടന്നിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-09-22 06:54:30.0

Published:

22 Sep 2021 6:51 AM GMT

മഹാത്മാവിന്റെ ഒറ്റ മുണ്ടിലേക്കുള്ള മാറ്റത്തിന് 100 വയസ്സ്
X

1921 സെപ്തംബർ 22 നാണ് രാജ്യത്തെ ഞെട്ടിച്ച് ഗാന്ധിജിയുടെ ആ പ്രഖ്യാനമുണ്ടായത്. ''എന്റെ വസ്ത്രത്തില്‍ മാറ്റം വരുത്തുന്നു. ഇനി മുതല്‍ ഒറ്റമുണ്ട് മാത്രമേ ധരിക്കൂ''.

ഒരു ചോദ്യമാണ് ഗാന്ധിജിയെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചത്. വിദേശ വസ്ത്ര ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായ സമര പരിപാടികളില്‍ പങ്കെടുക്കാന്‍ മദ്രാസിലെ മധുരയില്‍ എത്തിയപ്പോഴായിരുന്നു അത്. വിദേശ വസ്ത്രം വില്‍ക്കരുതെന്നും ധരിക്കരുതെന്നും വ്യാപാരികളോടും തൊഴിലാളികളോടും ഗാന്ധി പറഞ്ഞു. വില കൂടിയ ഖാദി വാങ്ങാന്‍ ശേഷിയില്ലാത്ത ഞങ്ങള്‍ എങ്ങിനെ വിദേശ വസ്ത്രങ്ങള്‍ ഒഴിവാക്കും? ഇതായിരുന്നു തൊഴിലാളികളുടെ ചോദ്യം. എന്നാല്‍ വസ്ത്രം കുറച്ച് ഒറ്റമുണ്ടുടുത്ത് വിദേശവസ്ത്രം ഉപേക്ഷിക്കാന്‍ ഗാന്ധിജി അവരെ ഉപദേശിച്ചു. അവര്‍ക്ക് നല്‍കിയ മറുപടി ഗാന്ധിജിയെ ചിന്തിപ്പിച്ചു. താന്‍ മാതൃക കാണിക്കാതെ എങ്ങിനെ ഉപദേശിക്കും എന്നതായിരുന്നു ഗാന്ധിയെ അലട്ടിയത്.

തലമുണ്ഡനം ചെയ്ത് ഒറ്റമുണ്ടെടുത്ത് സെപ്റ്റംബര്‍ 22 ന് രാവിലെ നെയ്ത്തുകാരുടെ യോഗത്തില്‍ ഗാന്ധിജി പുതിയ വേഷത്തിലെത്തി. ഒക്ടോബര്‍ വരെയെങ്കിലും തലപ്പാവും മേല്‍വസ്ത്രവും ഒഴിവാക്കാന്‍ തീരുമാനിച്ച ഗാന്ധി മരിക്കുന്നതുവരെ അത് തന്നെ തുടര്‍ന്നു.

''അരമറയ്ക്കാവുന്ന ഒറ്റമുണ്ട് കൊണ്ട് തൃപ്തിപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെ അത്യാവശ്യഘട്ടത്തില്‍ മാത്രം ദേഹം മൂടാന്‍ ഒരു പുതപ്പ് ഉപയോഗിക്കും. ഇത്തരമൊരു മാറ്റം സ്വീകരിക്കാന്‍ കാരണം ഞാന്‍ സ്വന്തം ജീവിതത്തില്‍ പിന്തുടരാത്ത ഒരു കാര്യവും മറ്റുള്ളവരെ ഉപദേശിക്കില്ല. എന്നെ സംബന്ധിച്ചിടത്തോളം ഈ ത്യാഗം ഒരു ദുഃഖാചരണത്തിന്റെ സൂചന കൂടിയാണ്. സ്വരാജ് കരസ്ഥമാക്കാതെ ഈ വര്‍ഷവും കടന്നു പോവുകയാണ്. ആളുകള്‍ എന്നെ കിറുക്കനായി കണ്ടാലും കുഴപ്പമില്ല. ഇത് അനുകരിക്കാന്‍ വേണ്ടിയല്ല ചെയ്യുന്നത്. ജനങ്ങളെ ആശ്വസിപ്പിക്കാനും എന്റെ ഉദ്ദേശം വ്യക്തമാക്കാനുമുള്ളതുമാണ്''. ഗാന്ധി പറഞ്ഞു.

ബ്രിട്ടനില്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍ ഗാന്ധിജി അര്‍ധനഗ്നനായാണ് പങ്കെടുത്തത്. ബക്കിങ്ഹാം കൊട്ടാരത്തില്‍ രാജാവ് നടത്തിയ ചായ സല്‍ക്കാരത്തിലും ഇതേ വേഷത്തില്‍ തന്നെ ഗാന്ധിജി പങ്കെടുത്തു. ഇതില്‍ അസ്വസ്ഥനായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിസ്റ്റണ്‍ ചര്‍ച്ചില്‍ ഗാന്ധിജിയെ 'അര്‍ധനഗ്നനായ ഫക്കീര്‍' എന്ന് വിശേഷിപ്പിച്ചത്.

1921 പകുതിയോടെ നിസ്സഹരകണ സമരം വിദേശ വസ്ത്ര ബഹിഷ്‌ക്കരണത്തിലേക്ക് കടന്നിരുന്നു. ജൂലൈ 31 ന് മുംബൈയിലെ എല്‍ഫിസ്റ്റണ്‍ മൈതാനത്ത് അനേകായിരങ്ങളെ സാക്ഷി നിര്‍ത്തി ഗാന്ധി വിദേശവസ്ത്രങ്ങളുടെ കൂമ്പാരത്തിന് തീ കൊളുത്തി. വിദേശ വസ്ത്രം ഉപേക്ഷിച്ചും ഖാദി വസ്ത്രം പ്രോത്സാഹിപ്പിച്ചും രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി ആ 'അര്‍ധനഗ്നഫക്കീര്‍' മുന്നില്‍ നിന്ന് നയിച്ചു.

TAGS :

Next Story