തന്ത്രങ്ങളൊരുക്കാൻ പ്രശാന്ത് കിഷോർ: രാഹുൽ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച
പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിലായിരുന്നു രാഹുൽ ഗാന്ധിയും പ്രശാന്ത് കിഷോറും തമ്മിലെ കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും ചർച്ചയിൽ പങ്കാളിയായി.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിലായിരുന്നു രാഹുൽ ഗാന്ധിയും പ്രശാന്ത് കിഷോറും തമ്മിലെ കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും ചർച്ചയിൽ പങ്കാളിയായി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാഷ്ട്രീയ കൂടിക്കാഴ്ചകളിൽ സജീവമാണ് പ്രശാന്ത് കിഷോർ. പിന്നാലെയാണ് രാഹുൽ ഗാന്ധിയെ വീട്ടിൽ വന്ന് കിഷോർ സന്ദർശിച്ചത്.
രാഷ്ട്രീയം തന്നെയാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങും നവ്‌ജ്യോത് സിങ് സിദ്ധുവും തമ്മിൽ അത്ര രസത്തിലല്ല. ഇവർക്കിടയിലുള്ള പ്രശ്‌നം കോൺഗ്രസിന് തലവേദനയായി മാറിയിട്ടുണ്ട്. രാഹുൽഗാന്ധി-പ്രശാന്ത് കിഷോർ ചർച്ചയിൽ ഇത് പ്രധാന വിഷയമായി.
2017ൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലാണ് കോൺഗ്രസും പ്രശാന്ത് കിഷോറും അവസാനമായി കൈകോർത്തത്. ഈ തെരഞ്ഞെടപ്പിൽ കോൺഗ്രസ് തോറ്റമ്പിയിരുന്നു. രണ്ട് ആഴ്ച മുമ്പാണ് എൻ.സി.പി നേതാവ് ശരത് പവാറുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട മുറിയിൽ ഏകദേശം രണ്ടര മണിക്കൂറോളം ചർച്ച നീണ്ടിരുന്നു. ഇതിന് മുമ്പും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷം എന്ന ആശയവുമായാണ് ശരത് പവാർ നടക്കുന്നത്. നേരത്തെ കോൺഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ കക്ഷികളുടെ യോഗം ശരത് പവാർ വിളിച്ചിരുന്നു. എന്നാൽ കോൺഗ്രസിനെ ഒഴിവാക്കിയുള്ള പ്രതിപക്ഷ സഖ്യത്തോട് പ്രശാന്തിന് വിയോജിപ്പാണ്. ഇക്കാര്യം അദ്ദേഹം പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.
Adjust Story Font
16