ദരിദ്ര യുവതികളിൽ നിന്ന് നവജാത ശിശുക്കളെ വാങ്ങി മറിച്ചു വിൽക്കുന്ന ഏഴംഗ സംഘം പിടിയിൽ; മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി
ചില ഡോക്ടർമാരും ഈ റാക്കറ്റിൽ പങ്കാളികളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബെംഗളൂരു: നവജാത ശിശുക്കളെ ദരിദ്ര യുവതികളിൽ നിന്ന് വാങ്ങുകയും കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുകയും ചെയ്യുന്ന സംഘം പിടിയിൽ. മൂന്ന് സ്ത്രീകളടക്കം ഏഴ് പേരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ബെംഗളൂരു നഗരത്തിലെ രാജരാജേശ്വരി നഗർ സ്വദേശികളായ ദമ്പതികൾക്ക് വിൽക്കാനിരുന്ന മൂന്നാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ സംഘത്തിൽ നിന്ന് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുകയും ചെയ്തു.
തമിഴ്‌നാട് സ്വദേശികളായ സംഘത്തെ രാജരാജേശ്വരി നഗറിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയും ഇവരുടെ കൈയിൽ നിന്ന് മൂന്നാഴ്‌ച പ്രായമുള്ള ആൺകുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തതോടെയാണ് നവജാത ശിശുക്കച്ചവടം പുറത്തായത്. സുഹാസിനി, ഗോമതി, കണ്ണൻ രാമസ്വാമി, ഹേമലത, ശരണ്യ, മഹാലക്ഷ്മി, രാധ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ രാജരാജേശ്വരി നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിലെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു സംഘം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് കമ്മീഷണർ ദയാനന്ദ പറഞ്ഞു. “കുട്ടികളെ പ്രസവിക്കാൻ യുവതികൾക്ക് പണം നൽകുകയും പ്രസവ ശേഷം കുഞ്ഞുങ്ങളെ വാങ്ങി കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുകയാണ് സംഘത്തിന്റെ ഒരു രീതി. കൂടാതെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരോ നവജാതശിശുക്കളെ പരിപാലിക്കാൻ കഴിയാത്തവരോ ആയ ഗർഭിണികളെ സമീപിക്കും. കുഞ്ഞുങ്ങളെ രണ്ടു ലക്ഷം രൂപയ്ക്ക് വാങ്ങി കുട്ടികളില്ലാത്ത ദമ്പതികൾക്ക് എട്ടു മുതൽ 10 ലക്ഷം വരെ രൂപയ്ക്ക് വിൽക്കുകയും ചെയ്യും”- ഉദ്യോഗസ്ഥൻ വിശദമാക്കി.
തമിഴ്‌നാടിനും ബെംഗളൂരുവിനുമിടയിൽ വർഷങ്ങളായി ഇത്തരം സംഘങ്ങളുടെ അനധികൃത പ്രവർത്തനം സജീവമാണെന്നും കസ്റ്റഡിയിലുള്ള പ്രതികൾ ചെന്നൈയിലെ സ്വകാര്യ ആശുപത്രികളുമായും ഡോക്ടർമാരുമായും സഹകരിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു. ചില ഡോക്ടർമാർ ഈ റാക്കറ്റിൽ പങ്കാളികളാണെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ ഡോക്ടർമാർക്ക് റാക്കറ്റുകളെ കുറിച്ച് കൃത്യമായി അറിയുകയും അവരെ പിന്തുണയ്ക്കുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.
ആശുപത്രികളിൽ കണ്ടുമുട്ടുന്ന കുട്ടികളില്ലാത്ത ദമ്പതികളുമായി ബന്ധം സ്ഥാപിക്കുകയും ഇവർക്ക് നവജാത ശിശുക്കളെ വാഗ്ദാനം ചെയ്യുകയുമാണ് പ്രതികൾ ആദ്യം ചെയ്യുന്നത്. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുകയും ചെയ്യും. റാക്കറ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കളെയും കൂട്ടാളികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16