വീരപ്പൻ വേട്ടയ്ക്കിടെ ഗോത്ര സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മുഴുവൻ പ്രതികളും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി
ഐ.എഫ്.എസുകാരുൾപ്പടെയുള്ള 215 പ്രതികൾ നൽകിയ അപ്പീൽ ഹൈകോടതി തള്ളി
ചെന്നൈ: വീരപ്പൻ വേട്ടയ്ക്കിടെ ദൗത്യസംഘം ഗോത്ര സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മുഴുവൻ പ്രതികളും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി. ഐ.എഫ്.എസുകാരുൾപ്പടെയുള്ള 215 പ്രതികൾ നൽകിയ അപ്പീൽ ഹൈകോടതി തള്ളി. ഇരകൾക്ക് നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകാൻ ഉത്തരവിടുകയും ചെയ്തു.
വീരപ്പനെ തേടി ധർമ്മപുരി ജില്ലയിലെ വചാതിയിലെത്തിയ ദൗത്യസംഘം ഗ്രാമം വളഞ്ഞാണ് അതിക്രമം നടത്തിയത്. വീരപ്പനെ സഹായിക്കുന്നുവെന്നാരോപിച്ച് ഗോത്ര കുടിലുകൾ തകർത്ത സംഘം യുവതികളെ ഫോറസ്റ്റ് ഓഫീസിലേക്ക് പിടിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 18 യുവതികൾ പീഡനത്തിനിരയായി. നാല് ഐ.എഫ്.എസ് ഉദ്യോഗസ്ഥരുൾപ്പെട്ട അതിക്രമത്തിനെതിരെ സി.പി.എം നൽകിയ പൊതുതാത്പര്യ ഹർജി ജയലളിത സർക്കാർ എതിർത്തിരുന്നു.
സി.ബി.ഐ അന്വേഷിച്ച കേസിൽ 2011ൽ പ്രത്യേക കോടതി ദൗത്യസംഘത്തിലെ 215 ഉദ്യോഗസ്ഥർ പ്രതികളാണെന്ന് വിധിച്ചു. ഇതിനെതിരെ പ്രതികൾ നലകിയ അപ്പീലാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ബലാത്സംഗം ചെയ്ത 17 ഉദ്യോഗസ്ഥർ ഇരകൾക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. പീഡനത്തിനിരയായവർക്ക് ജോലിയും 5 ലക്ഷം രൂപയും സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. പ്രതികളിൽ 54 പേർ വിചാരണക്കാലയളവിൽ മരണപ്പെട്ടിട്ടുണ്ട്.
Adjust Story Font
16