Quantcast

400 രൂപക്ക് ഗ്യാസ് സിലിണ്ടർ, സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ; പ്രകടന പത്രിക പുറത്തിറക്കി ബി.ആർ.എസ്

പ്രായമായവർക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും നിലവിൽ ലഭിക്കുന്ന പെൻഷൻ തുകയായ 2016 രൂപ ഘട്ടം ഘട്ടമായി 5000 ആക്കി ഉയർത്തും

MediaOne Logo

Web Desk

  • Updated:

    2023-10-15 13:04:49.0

Published:

15 Oct 2023 12:55 PM GMT

400 രൂപക്ക് ഗ്യാസ് സിലിണ്ടർ, സ്ത്രീകള്‍ക്ക്  പ്രതിമാസം 3000 രൂപ; പ്രകടന പത്രിക പുറത്തിറക്കി ബി.ആർ.എസ്
X

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബി.ആർ.എസ്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് സൗഭാഗ്യ ലക്ഷ്മി പദ്ധതി പ്രകാരം പ്രതിമാസം 3000 രൂപ. ദാരിദ്ര്യരേഖക്ക് താഴെയുള്ള 93 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ്. ബി.പി.എൽ കാർഡുള്ള കുടുംബങ്ങൾക്ക് 400 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ തുടങ്ങി നിരവധി ജനപ്രിയ വാഗ്ദാനങ്ങളാണ് ബി.ആർ.എസിന്‍റെ പ്രകടന പത്രികയിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത് .


ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ 6000 രൂപയായി ഉയർത്തും. സാമൂഹ്യ പെൻഷൻ , കർഷകർക്കുള്ള സഹായം എന്നിവയിൽ വൻ വർധനവ് വരുത്തും. പ്രായമായവർക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും നിലവിൽ ലഭിക്കുന്ന പെൻഷൻ തുകയായ 2016 രൂപ ഘട്ടം ഘട്ടമായി 5000 ആക്കി ഉയർത്തും. സർക്കാർ അനുവദിച്ച ഭൂമിയിൽ കഴിയുന്നവർക്ക് ഭൂമിയുടെ മേൽ സമ്പൂർണ അവകാശം നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്.

അന്നപൂർണ പദ്ധതിക്ക് കീഴിലുള്ള എല്ലാ റേഷൻ കാർഡ് ഉടകള്‍ക്കും പൊതുവിതരണ സംവിധാനത്തിന് കീഴിൽ സൂപ്പർ ഫൈൻ അരി വിതരണം ചെയ്യുമെന്നും കെ.സി.ആർ വാഗ്ദാനം ചെയ്തു.

അതേ സമയം മൂന്ന് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മധ്യപ്രദേശിൽ നിന്ന് 144, ചത്തീസ്ഗഢിൽ 30, തെലങ്കാനയിൽ നിന്ന് 55 പേരും പട്ടികയിൽ ഇടം നേടിയത്.


ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ പഠാനിൽ നിന്ന് ജനവിധി തേടും. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് ചിന്ദ്വാരയില് മത്സരിക്കും. തെലങ്കാന പിസിസി അധ്യക്ഷൻ രേവന്ത് റെഡി കൊടങ്കലിൽ നിന്ന് ജനവിധി തേടും.

2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നവംബർ ഏഴ് മുതൽ 30വരെയാണ് നടക്കുന്നത്. മിസോറമിലെ 40 മണ്ഡലങ്ങളിൽ നവംബർ ഏഴിനും മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിൽ 17നും രാജസ്ഥാനിലെ 200 മണ്ഡലങ്ങളിൽ 25നും തെലങ്കാനയിലെ 119 മണ്ഡലങ്ങളിൽ 30നുമാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിന്റെ ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കും.



TAGS :

Next Story