Quantcast

മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി; ഏഷ്യയിലും ഇന്ത്യയിലുമുള്ള അതിസമ്പന്നരിൽ ഒന്നാമൻ

ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ഇന്ത്യക്കാരൻ അദാനിയാണ്

MediaOne Logo

Web Desk

  • Updated:

    2024-01-05 09:46:30.0

Published:

5 Jan 2024 9:41 AM GMT

Adani Group founder and chairman Gautam Adani overtakes Reliance Industries Ltd chairman Mukesh Ambani to become Indias richest man
X

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഇന്ത്യൻ അതിസമ്പന്നരിൽ ഒന്നാമൻ. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക പ്രകാരം ഏഷ്യയിലെയും ഏറ്റവും വലിയ അതിസമ്പന്നൻ അദാനിയാണ്. 97.6 ശതകോടി യുഎസ് ഡോളറാണ് അദാനിയുടെ നിലവിലെ ആസ്തി. അതേസമയം, 97.0 ശതകോടി യുഎസ് ഡോളർ സമ്പാദ്യം അംബാനിക്കുണ്ട്.

ഇരുവരുടെയും ആസ്തി തമ്മിലുള്ള അന്തരം വെറും 600 ദശലക്ഷം യുഎസ് ഡോളറാണെങ്കിലും, സ്റ്റോക്കിലെ കുതിച്ചുചാട്ടം കാരണം അദാനി ഗ്രൂപ്പ് കമ്പനികളുടെ സമ്പത്ത് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ബ്ലൂംബെർഗ് ഗ്ലോബൽ ശതകോടീശ്വര പട്ടികയിൽ 12ാം സ്ഥാനമാണ് അദാനിക്കുള്ളത്. അംബാനി 13ാമതാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ഇന്ത്യക്കാരനും അദാനിയാണ്.

ഒരു ദിവസത്തിനുള്ളിൽ, ഗൗതം അദാനിയുടെ ആസ്തി 7.7 ശതകോടി ഡോളറാണ് വർദ്ധിച്ചത്. അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള സമ്പത്തിൽ 13.3 ശതകോടി ഡോളർ വർദ്ധിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ആസ്തി നേട്ടം കൈവരിച്ചയാളുമായി. ഈ വർഷം തന്റെ ആസ്തിയിൽ 10 ശതകോടി ഡോളർ സമ്പാദ്യമുണ്ടാക്കിയ അംബാനി രണ്ടാം സ്ഥാനത്താണ്.

ഹിൻഡൻബെർഗ് റിപ്പോർട്ടിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിൽ അനുകൂല വിധി നേടിയത് അദാനി ഗ്രൂപ്പിന് നേട്ടമായിരിക്കുകയാണ്. റിപ്പോർട്ടിനെ കുറിച്ച് നിലവിൽ നടക്കുന്ന സെബി അന്വേഷണത്തിന് പകരം പ്രത്യേക സ്വതന്ത്ര അന്വേഷണ സംഘമോ വിദ്ഗധ സംഘമോ അന്വേഷണം നടത്തണമെന്നായിരുന്നു സുപ്രിംകോടതിയിൽ ഹരജി നൽകപ്പെട്ടത്. എന്നാൽ മാധ്യമങ്ങളോ മൂന്നാം പാർട്ടിയോ നൽകുന്ന റിപ്പോർട്ടുകൾ നിർണായക തെളിവല്ലെന്ന് കോടതി വിധിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ഹിൻഡൻബെർഗ് റിപ്പോർട്ട് വന്നതോടെ അദാനി ഗ്രൂപ്പിന് വൻ നഷ്ടമുണ്ടായിരുന്നു.

ഇന്ത്യയിലെ അഞ്ച് അതിസമ്പന്നർ

  • ഗൗതം അദാനി - 97.6 ശതകോടി യുഎസ് ഡോളർ
  • മുകേഷ് അംബാനി - 97.0 ശതകോടി യുഎസ് ഡോളർ
  • ഷാപൂർ മിസ്ത്രി - 34.6 ശതകോടി യുഎസ് ഡോളർ
  • ശിവ് നടാർ -33.0 ശതകോടി യുഎസ് ഡോളർ
  • അസിം പ്രേംജി -25.7 ശതകോടി യുഎസ് ഡോളർ

ഹിൻഡർബെർഗ് റിപ്പോർട്ടിലെ സുപ്രിംകോടതി വിധി

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ടിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹരജി സുപ്രിംകോടതി തള്ളിയിരിക്കുകയാണ്. സെബി അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച നാല് ഹരജികളിലാണ് സുപ്രിംകോടതി വിധി പറഞ്ഞത്. എന്നാൽ സെബിയുടെ നിയമ ചട്ടക്കൂടിൽ ഇടപെടാൻ സുപ്രിംകോടതിക്ക് പരിമിതിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. സെബിക്ക് അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ കോടതി മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും നിർദേശിച്ചു.

ഓഹരി വിപണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാൻ അധികാരമുള്ള ഏജൻസിയാണ് സെബി. അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് തയ്യാറാക്കിയ റിപ്പോർട്ട് ആധികാരികമല്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെബിയുടെ അന്വേഷണത്തിൽ സംശയം പ്രകടിപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

വിദഗ്ധ സമിതി അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന ഹരജിക്കാരുടെ വാദം കോടതി തള്ളി. മാധ്യമ റിപ്പോർട്ടുകൾ വിവരങ്ങളായി മാത്രമേ പരിഗണിക്കാൻ കഴിയൂ. അന്വേഷണം കൈമാറാനുള്ള അധികാരം അസാധാരണ സാഹചര്യത്തിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. കൃത്യമായ ന്യായീകരണങ്ങളില്ലാതെ അന്വേഷണം കൈമാറാനാവില്ല. വേണ്ടത്ര ഗവേഷണം നടത്താത്ത അടിസ്ഥാനരഹിത റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയുള്ള ഹരജികൾ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പാർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. അഭിഭാഷകരായ വിശാൽ തിവാരി, എം.എൽ ശർമ, കോൺഗ്രസ് നേതാവ് ജയ ഠാക്കൂർ, അനാമിക ജയ്സ്വാൾ എന്നിവരാണ് അദാനിക്കെതിരെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയത്.




Adani Group founder and chairman Gautam Adani overtakes Reliance Industries Ltd chairman Mukesh Ambani to become India's richest man

TAGS :

Next Story