ഗൗതം ഗംഭീർ എംപിയ്ക്ക് വീണ്ടും വധഭീഷണി
ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് വധഭീഷണിയെത്തിയത്
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി.ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് ഇന്ന് വധഭീഷണിയെത്തിയത്. നവംബർ 24 നും ഗൗതം ഗംഭീറിന് വധഭീഷണി വന്നിരുന്നു. വധഭീഷണിയിൽ ഡൽഹി പൊലിസ് അന്വേഷണം നടത്തുകയാണ്. നേരത്തെ ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം അയച്ചത് പാകിസ്താനിലെ കോളജ് വിദ്യാർഥിയാണെന്ന് ഡൽഹി പൊലിസ് സൈബർ സെല്ലിനെ ഉദ്ധരിച്ച് സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മുമ്പ് ഗംഭീറിന് ഇ-മെയിലിൽ വധഭീഷണി വന്നത്. പിന്നാലെ ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടിൽ ഡൽഹി പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു.
ഐ.എസ് ഭീകരരുടെ വധഭീഷണിയെന്നായിരുന്നു ഗംഭീർ പരാതിയിൽ പറഞ്ഞിരുന്നത്. 'പാകിസ്താനിലെ കറാച്ചിയിൽ നിന്നാണ് ഇമെയിൽ സന്ദേശം. ഷഹീദ് ഹമീദി എന്നയാളാണ് ഇമെയിൽ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന് 20-25 വയസ് പ്രായമുണ്ടാകും. കറാച്ചിയിലെ സിന്ധ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ്'-ഡൽഹി പൊലീസിനെ ഉദ്ധരിച്ച് സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഞങ്ങൾ നിന്നെയും കുടുംബത്തെയും വധിക്കാൻ പോകുന്നുവെന്നായിരുന്നു ഇമെയിൽ സന്ദേശം. അതേസമയം ഭീഷണിക്ക് പിന്നിൽ എന്ത് താൽപര്യമാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഞങ്ങൾ നിങ്ങളെ കൊല്ലണമെന്ന ഉദ്ദേശത്തിൽ തന്നെയാണുണ്ടായിരുന്നത്. പക്ഷേ ഇന്നലെ നിങ്ങൾ രക്ഷപ്പെട്ടുവെന്നാണ് സന്ദേശം വിശദമാക്കുന്നത്. നിങ്ങൾ കുടുംബത്തേയും ജീവിതത്തേയും ഇഷ്ടപ്പെടുന്നുവെങ്കിൽ രാഷ്ട്രീയത്തിൽ നിന്നും കശ്മീർ പ്രശ്‌നങ്ങളിൽ നിന്നും അകന്നു നിൽക്കുക എന്നും ഭീഷണി സന്ദേശത്തിലുണ്ടായിരുന്നു. ഗൗതം ഗംഭീറിൻറെ ഡൽഹിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ അടക്കം സന്ദേശത്തിലുണ്ടായിരുന്നു. ഗംഭീറിന്റെ ഔദ്യോഗിക ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
2019ലും ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. തനിക്ക് ഫോണിലൂടെ വധഭീഷണികൾ വരുന്നുണ്ടെന്നും സംരക്ഷണം ഏർപ്പെടുത്തണമെന്നും ഗംഭീർ അന്ന് ആവശ്യപ്പെട്ടിരുന്നു. തനിക്കും കുടുംബത്തിനും ലഭിച്ച വധഭീഷണിയെക്കുറിച്ച് ഷാഹ്ദാര ഡെപ്യൂട്ടി കമ്മീഷണർക്കും മറ്റ് മേലുദ്യോഗസ്ഥർക്കും ഗംഭീർ പരാതി നൽകിയിരുന്നു. 2018ലാണ് ഗംഭീർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി. 2019ൽ ബി.ജെ.പി എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈസ്റ്റ് ദില്ലിയിൽ നിന്നാണ് ഗൗതം ഗംഭീർ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.
Adjust Story Font
16