Quantcast

ഇത് ജെനിബെൻ താക്കൂർ; ഗുജറാത്തിൽ പതിറ്റാണ്ടിന് ശേഷം കോൺഗ്രസിന്റെ വെന്നിക്കൊടി പാറിച്ച 'ജയന്‍റ് കില്ലർ'

പരമ്പരാഗതമായി ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ബനസ്‌കന്ത. 30,406 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജെനിബെൻ വിജയിച്ചത്

MediaOne Logo

Web Desk

  • Published:

    5 Jun 2024 10:42 AM GMT

Geniben Thakor,won the Banaskantha seat  , Congress,Dr Rekhaben Hiteshbhai Chaudhari, Banaskantha constituency,ഗുജറാത്ത്,ലോക്സഭാ തെരഞ്ഞെടുപ്പ്,ഗുജറാത്ത് ഫലം,ജെനിബെൻ താക്കൂർ, ബനസ്‌കന്ത
X

ഗാന്ധിനഗർ: മൂന്നാം തവണയും ഗുജറാത്തിൽ ബി.ജെ.പി തൂത്തുവാരുമെന്നായിരുന്നായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം പ്രവചിച്ചിരുന്നത്. മോദിയുടെയും അമിത്ഷായുടെയും തട്ടകമായ ഗുജറാത്തിൽ പക്ഷേ ഇത്തവണ കണക്കുകൂട്ടലുകൾ പിഴച്ചു. ഒരു പതിറ്റാണ്ടിന് ശേഷം ഗുജറാത്തിൽ കോൺഗ്രസ് അക്കൗണ്ട് തുറന്നു. ബനസ്‌കന്ത ലോക്സഭാ സീറ്റിൽ കോൺഗ്രസിന്റെ ജെനിബെൻ താക്കൂറാണ് കോൺഗ്രസിനായി വെന്നിക്കൊടി പാറിച്ചത്. ബി.ജെ.പിയുടെ ഡോ.രേഖാബെൻ ഹിതേഷ്ഭായ് ചൗധരിയെ തോൽപിച്ച ജെനിബൈൻ 30,406 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.1962-ന് ശേഷം ഈ സീറ്റിൽ വിജയിക്കുന്ന ആദ്യ വനിതാ സ്ഥാനാർഥിയാണ് ജെനിബെൻ.

പരമ്പരാഗതമായി ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ബനസ്‌കന്ത. 2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പർബത്ഭായ് പട്ടേൽ കോൺഗ്രസ് സ്ഥാനാർഥി പാർഥി ഭട്ടോലിനെ 3,68,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ഇത്തവണ രണ്ടു വനിതാ സ്ഥാനാർഥികളാണ് ബനസ്‌കന്തയിൽ ഏറ്റുമുട്ടിയത്. എഞ്ചിനീയറിംഗ് പ്രൊഫസർ കൂടിയായ ബി.ജെ.പി സ്ഥാനാർഥി ഡോ.രേഖാബെന്നിന്റെ കന്നിയങ്കം കൂടിയായിരുന്നു ഇത്തവണത്തേത്.

നേരത്തെ രണ്ടു തവണ എം.എൽ.എയായ ജെനിബെൻ 'ജയന്റ് കില്ലർ' എന്നാണ് രാഷ്ട്രീയക്കാർക്കിടയിൽ അറിയിപ്പെടുന്നത്. 2017 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന ബിജെപി നേതാവും നിയമസഭാ സ്പീക്കറുമായിരുന്ന ശങ്കർ ചൗധരിയെ 6,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയതിന് ശേഷമാണ് ഈ വിശേഷണം ജെനിബെനിന് ചാർത്തിക്കിട്ടിയത്. ഇതിന് പുറമെ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചതിന് ഗുജറാത്ത് നിയമസഭ കഴിഞ്ഞ വർഷം സസ്‌പെൻഡ് ചെയ്ത 16 എംഎൽഎമാരിൽ ഒരാളായിരുന്നു അവർ.

2024 ഫെബ്രുവരിയിൽ, സംസ്ഥാനത്തെ വ്യാജ സർക്കാർ ഓഫീസുകളെക്കുറിച്ച് സംസാരിച്ചതിന് ജെനിബെനിനെയടക്കം 10 കോൺഗ്രസ് എംഎൽഎമാരെയും വീണ്ടും സസ്‌പെൻഡ് ചെയ്തു. മദ്യത്തിനെതിരായി ശക്തമായ നിലപാട് എടുത്തയാൾ കൂടിയാണ് ജെനിബെൻ. സ്വന്തം സഹോദരനെ മദ്യക്കടത്ത് കേസിൽ പിടികൂടിയിട്ടും ആ നിലപാടിൽ നിന്ന് പിന്മാറാൻ അവർ തയ്യാറായിരുന്നില്ല. ഇത്തവണത്തെ വിജയം തനിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും തന്റെ മണ്ഡലത്തിലുള്ള ജനങ്ങളുടെ വിജയമാണെന്നുമായിരുന്നു ജെനിബെനിന്റെ പ്രതികരണം.

TAGS :

Next Story