മണിപ്പൂരിൽ നടക്കുന്നത് വംശഹത്യ, പൊലീസിന്റെ സഹായത്തോടെയാണ് ആക്രമണം: സാദിഖലി തങ്ങൾ
മണിപ്പൂർ ഗവർണർ പോലും നിസ്സഹായാവസ്ഥയിലാണെന്ന് കലാപഭൂമിയിലെ സന്ദർശനത്തിലൂടെ ബോധ്യമായെന്നു സാദിഖലി തങ്ങൾ
മലപ്പുറം: മണിപ്പൂരിൽ വംശഹത്യയാണ് നടക്കുന്നതെന്നും പൊലീസിന്റെ സഹായത്തോടെയാണ് ആക്രമണം അരങ്ങേറുന്നതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. മണിപ്പൂർ ഗവർണർ പോലും നിസ്സഹായാവസ്ഥയിലാണെന്ന് കലാപഭൂമിയിലെ സന്ദർശനത്തിലൂടെ ബോധ്യമായെന്നും സാദിഖലി തങ്ങൾ മീഡിയവണിനോട് പറഞ്ഞു.
അവിടെയെത്തിയ മുസ്‌ലിം ലീഗ് പ്രതിനിധി സംഘം ബിഷപ്പിനെ സന്ദർശിച്ചെന്നും എംപിമാരടക്കമുള്ള സംഘത്തോട് അവരുടെ വിഷയം പാർലമെൻറിലുന്നയിക്കണമെന്ന് അദ്ദേഹം പറഞ്ഞുവെന്നും തങ്ങൾ വ്യക്തമാക്കി. 60,000 ആളുകൾ ക്യാമ്പുകളിൽ കഴിയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയെന്നും പറഞ്ഞു. അതിനാലാണ് തലസ്ഥാന നഗരിയായ ഇംഫാലിൽ ആളുകളില്ലാത്തതെന്നും തങ്ങൾ വ്യക്തമാക്കി. സ്‌കൂളുകൾ, കോളേജുകൾ, കടകൾ എന്നിവയൊന്നും പ്രവർത്തിക്കുന്നില്ലെന്നും പല കടകളും കത്തിച്ച നിലയിലായിരുന്നുവെന്നും പറഞ്ഞു. ക്യാമ്പുകളെന്നാൽ കിടന്നുറങ്ങാനുള്ള സ്ഥലമെന്നതിന് അപ്പുറം മറ്റു സൗകര്യങ്ങൾ കണ്ടില്ലെന്നും ചൂണ്ടിക്കാട്ടി.
Genocide going on in Manipur, attack with help of police: Sadikali Thangal
Adjust Story Font
16