Quantcast

'ഗെറ്റൗട്ട് രവി'; തമിഴ്‌നാട് ഗവർണർക്കെതിരെ ചെന്നൈയിൽ പോസ്റ്റർ

ഗവർണർക്കെതിരെ 'ഗെറ്റൗട്ട് രവി' ഹാഷ്ടാഗ് കഴിഞ്ഞ ദിവസം ട്വിറ്റർ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു.

MediaOne Logo

Web Desk

  • Published:

    10 Jan 2023 7:20 AM GMT

ഗെറ്റൗട്ട് രവി; തമിഴ്‌നാട് ഗവർണർക്കെതിരെ ചെന്നൈയിൽ പോസ്റ്റർ
X

ചെന്നൈ: നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയ തമിഴ്‌നാട് ഗവർണർ ആർ.എൻ രവിക്കെതിരെ ചെന്നൈയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഗവർണർക്കെതിരെ 'ഗെറ്റൗട്ട് രവി' ഹാഷ്ടാഗ് കഴിഞ്ഞ ദിവസം ട്വിറ്റർ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. ഇതിൽ നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റർ സ്ഥാപിച്ചത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ അടക്കമുള്ള ഡി.എം.കെ നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്.

സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഗവർണർ ഒഴിവാക്കയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പെരിയാർ, ബി.ആർ അംബേദ്കർ, കെ. കാമരാജ്, അണ്ണാദുരൈ എന്നിവരെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗമാണ് ഗവർണർ വായിക്കാതെ വിട്ടുകളഞ്ഞത്. 65-ാം പാരഗ്രാഫിലെ ദ്രാവിഡ മോഡൽ എന്ന പ്രയോഗവും ഗവർണർ വായിച്ചില്ല. സമാധാനത്തിന്റെ തുറമുഖമായി തമിഴ്‌നാട് മാറിയെന്നും വിദേശ നിക്ഷേപകരെ വലിയതോതിൽ ആകർഷിക്കുന്നുവെന്നും എല്ലാമേഖലയിലും പുരോഗതി പ്രാപിക്കുന്നുവെന്നുമുള്ള ഭാഗവും ഗവർണർ ഒഴിവാക്കി.

ഗവർണറുടെ നടപടി കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രമേയം അവതരിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ഗവർണർ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയത്. ഏറെ നാളായി തമിഴ്‌നാട്ടിൽ സർക്കാറും ഗവർണറും തമ്മിൽ ഏറ്റുമുട്ടൽ നിലനിൽക്കുന്നുണ്ട്. അടുത്തിടെ തമിഴ്‌നാട് എന്നതിനെക്കാൾ തമിഴകം എന്നതാണ് കൂടുതൽ നല്ല പേര് എന്ന ഗവർണറുടെ അഭിപ്രായവും വിവാദമായിരുന്നു.



TAGS :

Next Story