പഠനത്തെ ചൊല്ലി വഴക്ക്: 15കാരി അമ്മയെ ശ്വാസംമുട്ടിച്ച് കൊന്നു
മകളെ ഡോക്ടറാക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. പക്ഷേ മകള്‍ക്ക് ഡോക്ടറാവാന്‍ താത്പര്യമില്ലായിരുന്നു
പഠിക്കാത്തതിന് വഴക്ക് പറഞ്ഞതിന് മകള്‍ അമ്മയെ ശ്വാസംമുട്ടിച്ചു കൊന്നു. നവി മുംബൈയിലാണ് സംഭവം. 15കാരി അമ്മയെ കരാട്ടെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊന്നത്.
ജൂലൈ 30ന് നവി മുംബൈയിലെ ഐറോളിയിലാണ് സംഭവം. മകളെ ഡോക്ടറാക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. പക്ഷേ മകള്‍ക്ക് ഡോക്ടറാവാന്‍ താത്പര്യമില്ലായിരുന്നു. ഇതിനെ ചൊല്ലി അമ്മയും മകളും തമ്മില്‍ പതിവായി വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ ചേര്‍ത്തു. പെണ്‍കുട്ടി പതിവായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മാതാപിതാക്കള്‍ എതിര്‍ത്തു. ജൂലൈ 27ന് ഇതിന്റെ പേരില്‍ അച്ഛന്‍ മകളെ വഴക്കുപറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി വീട് വിട്ടിറങ്ങുകയും അമ്മാവന്‍റെ വീട്ടിലേക്ക് പോവുകയും ചെയ്തു. പെൺകുട്ടി അമ്മയെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് മാതാപിതാക്കളെയും കുട്ടിയെയും വിളിച്ചുവരുത്തി ഉപദേശിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ജൂലൈ 30ന് അമ്മ മുറി തുറക്കുന്നില്ലെന്ന് പെണ്‍കുട്ടി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. 'ഞാന്‍ എല്ലാം അവസാനിപ്പിക്കുകയാണ്' എന്ന വാട്‌സ് ആപ്പ് സന്ദേശം സ്ത്രീയുടെ ഫോണില്‍നിന്ന് ഭര്‍ത്താവിനും സഹോദരനും ലഭിച്ചിരുന്നു. സംഭവം ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ തലയ്ക്ക് മുറിവേറ്റതായി കണ്ടെത്തിയതും പെണ്‍കുട്ടിയുടെ പെരുമാറ്റവും സംശയത്തിന് കാരണമായി. ഫോറന്‍സിക് പരിശോധനയില്‍ 40 വയസ്സുള്ള സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ താന്‍ അമ്മയെ കൊന്നതാണെന്ന് പെണ്‍കുട്ടി സമ്മതിച്ചു.
വഴക്കിനിടെ അമ്മ കത്തിയെടുത്ത് ഭീഷണിപ്പെടുത്തിയെന്നും ഇതോടെ താന്‍ അമ്മയെ തള്ളിയിട്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. തലയിടിച്ച് വീണ അമ്മ കരാട്ടെ ബെല്‍റ്റ് എടുക്കാന്‍ ശ്രമിച്ചു. ഇതോടെ താന്‍ ബെല്‍റ്റ് കൊണ്ട് അമ്മയുടെ കഴുത്ത് മുറുക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. അമ്മ മരിച്ചെന്ന് ഉറപ്പിച്ചതോടെ പെണ്‍കുട്ടി തന്നെയാണ് അമ്മയുടെ ഫോണില്‍ നിന്ന് വാട്‌സാപ്പ് സന്ദേശം അയച്ചത്. വാതില്‍ പൂട്ടി പുറത്തിറങ്ങിയ കുട്ടി താക്കോല്‍ അകത്തേക്കിട്ടു. പിന്നാലെ അമ്മ വാതില്‍ തുറക്കുന്നില്ലെന്ന് പറഞ്ഞ് അച്ഛനെ ഫോണ്‍ വിളിച്ചു. തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്നതോടെയാണ് മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ കരാട്ടെ ബെല്‍റ്റ് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പെൺകുട്ടിയുടെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ആം വകുപ്പ് പ്രകാരം കൊലപാതകക്കുറ്റം ചുമത്തി.
Adjust Story Font
16