ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും: ഉവൈസി
'കാണാൻ ഒരുപക്ഷേ ഞാൻ ഉണ്ടായേക്കില്ല. പക്ഷേ എന്റെ വാക്കുകൾ എഴുതിവെച്ചോളൂ'
ഹിജാബ് ധരിച്ച പെൺകുട്ടി ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും എം.പിയുമായ അസദുദ്ദീൻ ഉവൈസി. കർണാടകയിലെ കോളജുകളിൽ മുസ്‍ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയതിനു പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം.
ഹിജാബ് ധരിച്ച സ്ത്രീകൾ കോളജിൽ പോകും. ജില്ലാ കലക്ടർമാർ, മജിസ്‌ട്രേറ്റുമാര്‍, ഡോക്‌ടർമാർ, ബിസിനസുകാര്‍ തുടങ്ങിയവരാവുമെന്നും ഉവൈസി ട്വീറ്റ് ചെയ്തു- 'അത് കാണാൻ ഒരുപക്ഷേ ഞാൻ ഉണ്ടായേക്കില്ല. പക്ഷേ എന്റെ വാക്കുകൾ എഴുതിവെച്ചോളൂ- ഒരു ദിവസം ഹിജാബ് ധരിച്ച പെൺകുട്ടി പ്രധാനമന്ത്രിയാകും'- ഉവൈസി പറഞ്ഞു. നമ്മുടെ പെൺമക്കൾ ശിരോവസ്ത്രം ധരിക്കണമെന്ന് തീരുമാനിച്ചാല്‍ മാതാപിതാക്കള്‍ പിന്തുണയ്ക്കും. അവരെ തടയാൻ ആർക്ക് കഴിയുമെന്ന് നോക്കാമെന്നും ഉവൈസി വ്യക്തമാക്കി.
കർണാടകയിലെ ഉഡുപ്പി ഗവ. പി.യു കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പ്രവേശിപ്പിക്കാതിരുന്നതോടെയാണ് പ്രതിഷേധം തുടങ്ങിയത്. വിഷയം കോടതിയിലെത്തി. ഹിജാബ് കേസിൽ വിധി വരും വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതിനെതിരെ ഒരു വിദ്യാർഥിനി സുപ്രീംകോടതിയെ സമീപിച്ചു. കൂടാതെ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ബി വി ശ്രീനിവാസും ഒരു മാധ്യമ വിദ്യാർഥിയും കൂടി സുപ്രിംകോടതിയെ സമീപിച്ചു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാനിടയുള്ള കേസാണിതെന്നും വിദ്യാർഥിനികൾ വര്‍ഷങ്ങളായി ഹിജാബ് ധരിക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇപ്പോള്‍ ഹരജി പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കർണാടക ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയം ദേശീയ തലത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ഹിജാബ് നിയന്ത്രണം ചോദ്യംചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചില്‍ തിങ്കളാഴ്ചയും വാദം തുടരും.
इंशा'अल्लाह pic.twitter.com/lqtDnReXBm
— Asaduddin Owaisi (@asadowaisi) February 12, 2022
Adjust Story Font
16