ജി.എൻ സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരായ അപ്പീൽ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസുമാരായ എം.ആർ ഷാ, ബേലാ എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്
ന്യൂഡൽഹി: ഡൽഹി സർവകലാശാല മുന്‍ പ്രൊഫസർ ജി.എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എം.ആർ ഷാ, ബേലാ എം. ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹരജി പരിഗണിക്കുക. രാവിലെ 11നു വാദം കേൾക്കും.
ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വാക്കാലെയുള്ള സ്റ്റേ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് നിരസിക്കുകയും അപ്പീൽ സമർപ്പിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാരും എൻ.ഐ.എയും കോടതിയെ സമീപിച്ചത്.
രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര സർക്കാർ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ പരിഗണിക്കാതെ സാങ്കേതിക കാര്യങ്ങൾ മാത്രം കണക്കിലെടുത്താണ് സായിബാബ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടത്. യു.എ.പി.എ ചുമത്തപ്പെട്ട കേസിൽ ടാഡ കേസുകളുമായി ബന്ധപ്പെട്ട വിധികളാണ് ഹൈക്കോടതി പരിഗണിച്ചതെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാവോവാദി ബന്ധം ആരോപിച്ചുള്ള കേസിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ജി.എൻ സായിബാബയെയും നാലുപേരെയും കുറ്റവിമുക്തരാക്കിയത്.
2017ൽ വിചാരണാകോടതി സായിബാബയും കൂട്ടുപ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതി വിധി.
Summary: SC will hear the plea filed by the Maharashtra government against the acquittal of former Delhi University professor GN Saibaba today
Adjust Story Font
16