ഭരണഘടനയും ദേശീയപതാകയും ഇഷ്ടമല്ലെങ്കിൽ ബി.ജെ.പിക്കാർ പാകിസ്താനിൽ പോകണം-പ്രിയങ്ക് ഖാർഗെ
കർണാടകയിലെ മാണ്ഡ്യയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിയ കാവിക്കൊടി അഴിപ്പിച്ചതില്‍ നടക്കുന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക്
പ്രിയങ്ക് ഖാര്‍ഗെ
ബംഗളൂരു: ഇന്ത്യൻ ഭരണഘടനയും ദേശീയപതാകയും ഇഷ്ടമല്ലെങ്കിൽ നിങ്ങുടെ ഇഷ്ടസ്ഥലമായ പാകിസ്താനിൽ പോകണമെന്ന് കർണാടക ഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ. ബി.ജെ.പിയുടെ കുതന്ത്രങ്ങളെയും ഗൂഢാലോചനയെയും ഫലപ്രദമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിലെ മാണ്ഡ്യയിലെ കാവിക്കൊടി വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക്. കെറാഗോഡുവിൽ സർക്കാർ ഭൂമിയിലെ കൊടിമരത്തിൽ ഹനുമാന്റെ ചിത്രമടങ്ങിയ കാവിക്കൊടി ഉയർത്തിയത് അഴിപ്പിച്ചിരുന്നു. വിഷയം ഉയർത്തി ബി.ജെ.പി രംഗത്തെത്തിയതിനു പിന്നാലെയാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ കൂടിയായ പ്രിയങ്ക് വിമർശനവുമായി രംഗത്തെത്തിയത്.
''ത്രിവർണക്കൊടിയെ വെറുക്കുന്ന ആർ.എസ്.എസ്സിനെപ്പോലെ അവർ പരിശീലിപ്പിച്ചുവിട്ട ബി.ജെ.പിക്കാർക്കും ദേശീയപതാകയോട് വെറുപ്പാണ്. ദേശീയപതാകയെ ബഹുമാനിക്കുകയല്ല, വെറുക്കുകയാണ് അവർ ചെയ്യുന്നത്. കൊടിമരത്തിൽ ദേശീയപതാക ഉയർത്തുകയാണ് സർക്കാർ ചെയ്തത്. എന്നിട്ടും എന്തിനാണ് നിങ്ങൾ ദേഷ്യം പിടിക്കുന്നത്? ദേശീയപതാകയോടുള്ള എതിർപ്പിലൂടെ ദേശദ്രോഹികളാണെന്നു സ്വയം അംഗീകരിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്.''-പ്രിയങ്ക് വിമർശിച്ചു.
കർണാടകയിലെ തീരപ്രദേശങ്ങളെ ഹിന്ദുത്വ പരീക്ഷണശാലയാക്കിയ ബി.ജെ.പിയും സംഘ്പരിവാറും മാണ്ഡ്യയിലേക്കും പരീക്ഷണം വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹം സമാധാനത്തോടെ കഴിയുന്നത് ബി.ജെ.പിക്ക് അസ്വസ്ഥകരമാണെന്നു തോന്നുന്നു. മാണ്ഡ്യയിൽ രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടി തീകത്തിക്കുന്ന തരത്തിലേക്കു തരംതാണിരിക്കുകയാണ് ബി.ജെ.പി നേതാക്കൾ. പ്രതിപക്ഷ നേതാവ് ആദരിക്കപ്പെടുന്ന പദവിയാണ്. എന്നാൽ, ഇപ്പോഴത്തെ നേതാവിന്റെ പ്രവർത്തനങ്ങൾ ആ സ്ഥാനത്തോടുള്ള ബഹുമാനം ഇല്ലാതാക്കുകയാണു ചെയ്യുകയെന്നും കർണാടക പ്രതിപക്ഷ നേതാവും ബി.ജെ.പി എം.എൽ.എയുമായ ആർ. അശോകയെ ഉന്നമിട്ട് പ്രിയങ്ക് കുറ്റപ്പെടുത്തി.
ഗൗരിശങ്കർ സേവാ ട്രസ്റ്റ് കൊടിമരത്തിൽ ദേശീയപതാക മാത്രമേ കെട്ടൂവെന്ന് അനുമതി തേടി നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജനുവരിയിലും ഇക്കാര്യം വ്യക്തമാക്കി. മത, രാഷ്ട്രീയ പാർട്ടികളുടെ കൊടി ഉയർത്തില്ലെന്നും അറിയിച്ചതാണ്. എന്നാൽ, ത്രിവർണ പതാകയ്ക്കു പകരം കാവിക്കൊടി കെട്ടാൻ ആരാണു ഗൂഢാലോചന നടത്തിയത്? അധികൃതർ നൽകിയ നിബന്ധന ലംഘിക്കാൻ ആരാണു പ്രേരണം നൽകിയത്? എത്രകാലം ഇവിടത്തെ സമാധാനം തകർക്കാൻ ബി.ജെ.പി ഗൂഢാലോചന തുടരുമെന്നും പ്രിയങ്ക് ഖാർഗെ ചോദിച്ചു.
ജനുവരി 19നാണ് സർക്കാർ നിർദേശം മറികടന്ന് ഇവിടെ കാവിക്കൊടി കെട്ടിയത്. റിപബ്ലിക് ദിനത്തിൽ അത് അഴിപ്പിച്ച് ദേശീയപതാക ഉയർത്തി. എന്നാൽ, തൊട്ടടുത്ത ദിവസം ദേശീയ പതാകയ്ക്കു പകരം ഹനുമാന്റെ ചിത്രം അടങ്ങിയ കാവിക്കൊടി വീണ്ടും ഉയർത്തുകയായിരുന്നു. ഇതോടെയാണ് പൊലീസ് സുരക്ഷയിൽ കാവിക്കൊടി അഴിപ്പിച്ചത്. ഇതു സംഘർഷത്തിലേക്കു നയിച്ചതോടെ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Summary: ''Go to Pakistan if you don’t like Constitution and national flag'': Says Karnataka IT minister Priyank Kharge to BJP
Adjust Story Font
16