ഗോവയിൽ ബിജെപിക്ക് കനത്ത തിരിച്ചടി; രാജിക്കൊരുങ്ങി മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ
മനോഹർ പരീക്കറിനുശേഷം ഗോവയിൽ ബിജെപിയുടെ ഏറ്റവും മുതിർന്ന നേതാവാണ് പര്‍സേക്കര്‍. പരീക്കർ കേന്ദ്ര പ്രതിരോധമന്ത്രിയായതോടെയാണ് 2014ൽ പർസേക്കർ ഗോവ മുഖ്യമന്ത്രിയാകുന്നത്
തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ ഗോവയിൽ ബിജെപി ക്യാംപിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പർസേക്കർ പാർട്ടി വിടുന്നു. ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഇടംലഭിക്കാത്തതാണ് പ്രകോപനമെന്നാണ് അറിയുന്നത്.
പാർട്ടിയിൽ തുടരാൻ ആഗ്രഹമില്ലെന്നും ഇന്നു വൈകീട്ടോടെ രാജിക്കത്ത് നൽകുമെന്നും പർസേക്കർ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ രാജിക്കാര്യത്തിൽ മാത്രമേ തീരുമാനമായിട്ടുള്ളൂവെന്നും ഭാവികാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നുമാണ് പർസേക്കർ അറിയിച്ചിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടി പ്രകടനപത്രിക സമിതിയുടെ തലവനാണ് പർസേക്കർ. അന്തരിച്ച മനോഹർ പരീക്കറിനുശേഷം ഗോവയിൽ ബിജെപിയുടെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളുമാണ്. മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധമന്ത്രിയായതോടെയാണ് 2014ൽ പർസേക്കർ ഗോവ മുഖ്യമന്ത്രിയാകുന്നത്.
2002 മുതൽ 2017 വരെ പർസേക്കർ പ്രതിനിധീകരിച്ച മാണ്ഡ്രേമിൽ സിറ്റിങ് എംഎൽഎ ദയാനന്ദ് സോപ്‌തെയെ തന്നെ മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനം. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സോപ്‌തെ പർസേക്കറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 2019ൽ ഒൻപത് കോൺഗ്രസ് നേതാക്കൾക്കൊപ്പം സോപ്‌തെ ബിജെപിയിലേക്ക് കൂടുമാറുകയായിരുന്നു.
സോപ്‌തെ മണ്ഡലത്തിലെ യഥാർത്ഥ ബിജെപി പ്രവർത്തകരെ അവഗണിക്കുകയാണെന്ന് പർസേക്കർ ആരോപിച്ചു. പാർട്ടി പ്രവർത്തകർക്കിടയിൽ സോപ്‌തെയ്‌ക്കെതിരെ കടുത്ത എതിർപ്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 14നാണ് ഗോവയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 40 സീറ്റുകളിൽ 34 ഇടത്തേക്കുമുള്ള സ്ഥാനാർത്ഥിപട്ടിക ബിജെപി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.
Summary: Goa's former Chief Minister and senior BJP leader Laxmikant Parsekar, who was denied ticket by the party for the next month's state Assembly elections, today said he will resign from the ruling party
Adjust Story Font
16