Quantcast

വനിതാ സംവരണ ബില്ലിലൂടെ ലക്ഷ്മീ ദേവി ഭരണഘടനാ രൂപം സ്വീകരിച്ചു; മതാടിസ്ഥാന ക്വാട്ട അനുവദിക്കില്ല: സ്മൃതി ഇറാനി

ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരം ചിന്താഗതികൾ നാം ഒഴിവാക്കണമെന്നും അവർ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-09-20 14:34:10.0

Published:

20 Sep 2023 2:15 PM GMT

Goddess Lakshmi has taken a Constitutional form through this bill says union minister smriti irani
X

ന്യൂഡൽഹി: പുതിയ പാർലമെന്റിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെതിരെ വിമർശനങ്ങൾ ശക്തമായിരിക്കെ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വനിതാ സംവരണ ബില്ലിലൂടെ ലക്ഷ്മി ദേവി ഭരണഘടനാപരമായ രൂപം സ്വീകരിച്ചതായി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.

ലോക്‌സഭയിൽ ബുധനാഴ്ച നടന്ന വനിതാ സംവരണ ബിൽ ചർച്ചയ്ക്കിടെയാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രിയുടെ പരാമർശം. ബില്ലിൽ ഒബിസി വിഭാ​ഗങ്ങൾക്കും ന്യൂനപക്ഷ സമുദായങ്ങൾക്കും ഉപസംവരണം ഉൾപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെ എതിർത്ത സ്മൃതി ഇറാനി, ഭരണഘടന അനുസരിച്ച് മതം അടിസ്ഥാനമാക്കിയുള്ള ക്വാട്ട അനുവദിക്കുന്നില്ലെന്നും പറഞ്ഞു.

ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരം ചിന്താഗതികൾ നാം ഒഴിവാക്കണമെന്നും അവർ പറഞ്ഞു. വനിതാ സംവരണത്തില്‍ ഒബിസി ഉപസംവരണം വേണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പെഴ്സണുമായ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ബില്ലിന് പൂര്‍ണ പിന്തുണയെന്നും സോണിയ പറഞ്ഞിരുന്നു. ബില്ലിന്‍മേല്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സോണിയ.

വനിതാ സംവരണ ബില്ലിൽ ഒ.ബി.സി ഉപസംവരണം വേണമെന്നും 8-9 വർഷങ്ങൾ വനിതാ സംവരണം നീട്ടിക്കൊണ്ടുപോകരുതെന്നും രാഹുൽ ഗാന്ധി എം.പി ലോക്സഭയിൽ പറഞ്ഞു. വൈകി നടപ്പാക്കാൻ വേണ്ടിയാണ് ബില്ല് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം ഒബിസി ഉപസംവരണം ഇല്ലാതെ ബില്ല് അപൂർണമാണെന്നും ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിലെ 90 സെക്രട്ടറിമാരിൽ ഒ.ബി.സി വിഭാഗത്തിൽ നിന്നും മൂന്നു പേർ മാത്രമാണുള്ളതെന്നും കേന്ദ്ര സെക്രട്ടറി പദവിയിൽ ഒബിസി വിഭാഗം തീരെ ഇല്ലാതായി വരുന്നത് നാണക്കേടാണെന്നും രാഹുൽ പറഞ്ഞു. ഒബിസി വിഭാഗത്തിനു അധികാരം കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒബിസി ഉപസംവരണം വേണമെന്ന് മുസ്‍ലിം ലീഗ് എ.പി ഇ.ടി.മുഹമ്മദ്‌ ബഷീറും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വനിതാ സംവരണ ബില്ല്, തിയതി എഴുതാത്ത ചെക്ക് പോലെയെന്നാണ് എൻ.സി.പി പ്രതികരിച്ചത്. സെൻസസിനും മണ്ഡല പുനർനിർണയത്തിനും ശേഷം സംവരണം നടപ്പിലാക്കുമെന്നാണ് ബില്ലിൽ പറയുന്നത്. സെൻസസ് നടത്താനുള്ള തീയതി പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സുപ്രിയ സുലെ ലോക്സഭയിൽ പറഞ്ഞു.

എന്നാൽ, ഒബിസി സംവരണത്തെ ബിജെപി എതിര്‍ത്തു. കോൺഗ്രസ് ഒബിസി വിഭാഗത്തിൽ നിന്നും ആരെയും പ്രധാന മന്ത്രി ആക്കിയിട്ടില്ലെന്നും ബിജെപിക്ക് 85 ഒബിസി എംപിമാരുണ്ടെന്നും അമിത് ഷാ പറഞ്ഞു. ബിജെപി ഒബിസി വിഭാഗക്കാരനെ പ്രധാനമന്ത്രിയാക്കിയെന്നും സെക്രട്ടറിമാരല്ല രാജ്യം ഭരിക്കുന്നതെന്നും രാഹുൽ ഗാന്ധിക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു. നിലവിൽ പാർലമെന്‍റിലും നിയമസഭയിലും ഒബിസി സംവരണമില്ലെന്ന് ബിജെപി എം.പി നിഷികാന്ത്‌ ദുബെ പറഞ്ഞു.

TAGS :

Next Story