ഗോധ്ര കേസ്: പ്രതികൾക്ക് ജാമ്യം നൽകാനാകില്ലെന്ന് ഗുജറാത്ത് സർക്കാർ; ഡിസംബർ 15നകം റിപ്പോർട്ട് നൽകാൻ സുപ്രിംകോടതി
കേസിലെ പ്രതികള്‍ 17-18 വർഷത്തോളമായി ജയിലിൽ കഴിയുകയാണെന്നും കല്ലെറിഞ്ഞ കുറ്റം നേരിടുന്നവർക്കെങ്കിലും ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും സുപ്രിംകോടതി അറിയിച്ചിരുന്നു
ന്യൂഡൽഹി: 2002ലെ ഗോധ ട്രെയിൻ കത്തിക്കൽ കേസിലെ പ്രതികൾക്ക് ജാമ്യം നൽകാനാകില്ലെന്ന് വ്യക്തമാക്കി ഗുജറാത്ത് സർക്കാർ. പ്രതികളുടെ ജാമ്യാപേക്ഷയിൽ സുപ്രിംകോടതിയിലാണ് ഗുജറാത്ത് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹരജി പരിഗണിക്കുന്നത്. കേസിലെ കുറ്റാരോപിതർ 17-18 വർഷത്തോളമായി ജയിലിൽ കഴിയുകയാണെന്നും സംഭവത്തിൽ കല്ലെറിഞ്ഞ കുറ്റം നേരിടുന്നവർക്കെങ്കിലും ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഗുജറാത്ത് സർക്കാരിന്റെ നിലപാട് തേടിയത്.
എന്നാൽ, പ്രതികൾക്ക് ജാമ്യം നൽകാൻ പറ്റില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. ഇതൊരു കല്ലെറിഞ്ഞ സംഭവം മാത്രമല്ല. കത്തിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ഇരകൾ രക്ഷപ്പെടുന്നത് തടയുകയായിരുന്നു. സബർമതി എക്‌സ്പ്രസ് കത്തിച്ച ശേഷം യാത്രക്കാർ രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടി കല്ലെറിയുകയായിരുന്നു. പുറത്തുനിന്ന് ആളുകൾ രക്ഷയ്‌ക്കെത്തുന്നത് തടയുകയും സംഘം ലക്ഷ്യമിട്ടെന്നും തുഷാർ മേത്ത പറഞ്ഞു.
അതേസമയം, കേസിൽ ഓരോ പ്രതികളുടെയും പങ്കിനെക്കുറിച്ച് പരിശോധിച്ച ശേഷം ജാമ്യം നൽകുന്ന കാര്യം തീരുമാനിക്കാമെന്നും മേത്ത അറിയിച്ചിട്ടുണ്ട്. ചെറിയ പങ്കേയുള്ളൂവെങ്കിൽ ജാമ്യം അനുവദിക്കാവുന്നതാണെന്നും സൂചിപ്പിച്ചു. തുടർന്ന് അന്വേഷണം നടത്തിയ ഈ മാസം 15ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു.
2003 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയോധ്യയിൽനിന്ന് മടങ്ങുകയായിരുന്ന കർസേവകരും തീർത്ഥാടകരും അടങ്ങുന്ന യാത്രക്കാരടക്കമുള്ള സബർമതി എക്‌സ്പ്രസിന് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്‌റ്റേഷനു സമീപത്തുവച്ച് അക്രമികൾ തീയിടുകയായിരുന്നു. സംഭവത്തിൽ 29 പുരുഷന്മാരും 22 സ്ത്രീകളും എട്ടു കുട്ടികളും അടക്കം 59 പേരാണ് കൊല്ലപ്പെട്ടത്.
കേസിൽ 11 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി 2017ൽ ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു. 20 പേരുടെ ജീവപര്യന്തം ശരിവയ്ക്കുകയും 63 പേരെ മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
Summary: Gujarat's BJP government refused to take a lenient view on giving bail to convicts in the 2002 Godhra train-burning case, despite the Supreme Court saying that some of them were stone pelters and had spent long years in jail
Adjust Story Font
16