Quantcast

'കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണം': കെജ്‍രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

രാജ്യത്തിന്‍റെ പുരോഗതിക്ക് ദൈവങ്ങളുടെ അനുഗ്രഹം വേണമെന്നും 130 കോടി ഇന്ത്യക്കാർക്ക് വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കത്തിൽ പറയുന്നു.

MediaOne Logo

Web Desk

  • Published:

    28 Oct 2022 5:46 AM GMT

കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണം: കെജ്‍രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
X

ഡല്‍ഹി: കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. രാജ്യത്തിന്‍റെ പുരോഗതിക്ക് ദൈവങ്ങളുടെ അനുഗ്രഹം വേണം. 130 കോടി ഇന്ത്യക്കാർക്ക് വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും കെജ്‍രിവാള്‍ കത്തില്‍ പറയുന്നു.

രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് കെജ്‍രിവാള്‍ കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. നോട്ടിന്റെ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് നിലനിർത്തിക്കൊണ്ട്, മറുവശത്ത് ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രം വെച്ചാൽ രാജ്യത്തിന് മുഴുവൻ അവരുടെ അനുഗ്രഹം ലഭിക്കുമെന്നും ഇന്തോനേഷ്യയ്ക്ക് ആവാമെങ്കിൽ എന്തുകൊണ്ട് നമുക്ക് ആയിക്കൂടായെന്നുമാണ് കെജ്‍രിവാളിന്‍റെ ചോദ്യം.

അരവിന്ദ് കെജ്‍രിവാളിന്‍റെ ആവശ്യത്തിനെതിരെ നേരത്തെ ബിജെപി വക്താവ് സംബിത് പത്ര രംഗത്ത് എത്തി. കെജ്‍രിവാൾ ഹിന്ദുദൈവങ്ങളെ അപമാനിക്കുകയാണെന്നും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ പോലെ ബഹുസ്വരമായ രാജ്യത്തെ ഒരു മുഖ്യമന്ത്രി പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് കെജ്‍രിവാൾ പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

ഗുജറാത്ത് തെരഞ്ഞടുപ്പ് ലക്ഷ്യമിട്ടാണ് കെജ്‍രിവാളിന്‍റെ നീക്കമെന്നാണ് വിമര്‍ശനം. ഗുജറാത്തിൽ അധികാരത്തില്‍ എത്തിയാൽ രാമക്ഷേത്ര നിർമാണം പൂർത്തിയാകുമ്പോൾ സൗജന്യ തീർഥാടനം ഉറപ്പാക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി. പശുസംരക്ഷണത്തിനായി 40 രൂപ ദിനംപ്രതി നൽകുമെന്നും കെജ്‍രിവാള്‍ വാഗ്ദാനം ചെയ്തു.



Summary- Delhi Chief Minister Arvind Kejriwal on Friday wrote to Prime Minister Narendra Modi requesting him to include the photographs of deities Ganesh and Laxmi on Indian currency notes.

TAGS :

Next Story