'ബാങ്ക് കൊള്ളാം; അഞ്ച് പൈസ കിട്ടിയില്ല'- ലോക്കർ തകർക്കാനാകാതെ കുറിപ്പെഴുതിവച്ചു മടങ്ങി മോഷ്ടാവ്
സെക്യൂരിറ്റി ജീവനക്കാരനെ ഇനിയും ജോലിയില്‍ തുടരാന്‍ അനുവദിക്കരുതെന്ന ഉപദേശവും കുറിപ്പിലുണ്ട്
ഹൈദരാബാദ്: ബാങ്ക് കുത്തിത്തുറന്ന് അകത്തു കടന്നിട്ടും മോഷണശ്രമം പരാജയപ്പെട്ടതോടെ സ്ഥാപനത്തെ പ്രശംസിച്ച് കുറിപ്പുമായി മോഷ്ടാവ്. തെലങ്കാനയിലാണു കൗതുകമുണർത്തുന്ന സംഭവം. ഒന്നും കിട്ടാത്തതിന്‍റെ നിരാശ മറച്ചുവയ്ക്കാതെയാണു കുറിപ്പ് എഴുതിവച്ചു മോഷ്ടാവ് മടങ്ങിയത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മാഞ്ചേരിയലിലെ നെന്നാൽ മണ്ഡലിലുള്ള തെലങ്കാന ഗ്രാമീണ ബാങ്കിൽ കവർച്ചാശ്രമം നടന്നത്. രാവിലെ ബാങ്ക് തുറയ്ക്കാനായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണു പ്രധാന കവാടം തുറന്നുകിടക്കുന്നതു ശ്രദ്ധയിൽപെട്ടത്. തുടർന്നു നടത്തിയ പരിശോധനയിൽ കവർച്ചാശ്രമം നടന്നതായി വ്യക്തമാകുകയായിരുന്നു.
ഇതിനിടയിലാണ് ബാങ്കിനകത്തുള്ള ഒരു പത്രത്തിൽ ബാങ്കിനെയും സെക്യൂരിറ്റിയെയും പ്രശംസിച്ചുള്ള മോഷ്ടാവിന്റെ കുറിപ്പ് ശ്രദ്ധയിൽപെട്ടത്. ''എന്റെ കൈവിരൽരേഖ ഇവിടെയുണ്ടാകില്ല. നല്ല ബാങ്കാണ്. ഒരു ഉറുപ്പിക പോലും കിട്ടിയില്ല. അതുകൊണ്ട് എന്റെ പിടിക്കരുത്''-മോഷ്ടാവിന്റെ കുറിപ്പ് ഇങ്ങനെ പോകുന്നു. അതേസമയം, ബാങ്കിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിടണമെന്നും ആവശ്യമുണ്ട്.
ബാങ്ക് ജീവനക്കാർ വിവരം നൽകിയതിനു പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒന്നും എടുക്കാതെയാണു മോഷ്ടാവ് മടങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ലോക്കർ തകർക്കാനുള്ള ശ്രമം വിഫലമായിട്ടുണ്ട്. മോഷ്ടാവ് അകത്തുകടക്കുന്ന ദൃശ്യങ്ങളടക്കം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. നാട്ടുകാരൻ തന്നെയാകും മോഷ്ടാവെന്നാണ് പൊലീസ് സംശയിക്കുന്നത്.
Summary: 'Good bank': Burglar submits feedback note after failed heist
Adjust Story Font
16