പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ
സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം നടക്കുന്നത്.
ന്യൂഡൽഹി: സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ. സെപ്റ്റംബർ 17ന് വൈകീട്ട് 4.30നാണ് യോഗം. മുഴുവൻ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കും ഇമെയിൽ വഴി ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
പ്രത്യേക സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന് വെളിപ്പെടുത്താൻ ഇതുവരെ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഇതിനെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു. 'പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ടയെക്കുറിച്ച് ഒരുവാക്ക് പോലും പറയാൻ കേന്ദ്രം തയ്യാറായിട്ടില്ല. രണ്ടുപേർക്ക് മാത്രമേ അറിയൂ! എങ്കിലും നമ്മൾ ഇപ്പോഴും സ്വയം വിളിക്കുന്നത് പാർലമെന്ററി ജനാധിപത്യം എന്നാണ്'-തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാൻ ട്വീറ്റ് ചെയ്തു.
പഴയ പാർലമെന്റ് മന്ദിരത്തിൽ തുടങ്ങുന്ന സമ്മേളനം രണ്ടാമത്തെ ദിവസം പുതിയ മന്ദിരത്തിലേക്ക് മാറുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗണേശ് ചതുർഥി ദിനമായ സെപ്റ്റംബർ 19നാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ സമ്മേളനം നടക്കുക.
Adjust Story Font
16