ഹരിയാനയിലും ജമ്മു കശ്മീരിലും സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ
ഹരിയാനയിൽ നയാബ് സിങ് സൈനിയും ജമ്മു കശ്മീരിൽ ഉമർ അബ്ദുല്ലയും മുഖ്യമന്ത്രിമാരാവും.
ന്യൂഡൽഹി: ഹരിയാനയിലും ജമ്മു കശ്മീരിലും സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ. ഹരിയാനയിൽ നയാബ് സിങ് സൈനിയും ജമ്മു കശ്മീരിൽ ഉമർ അബ്ദുല്ലയും മുഖ്യമന്ത്രിമാരാവും. അതിനിടെ ഹരിയാന വോട്ടെണ്ണലിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിങ് സൈനി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വിജയദശമി ആഘോഷങ്ങൾക്ക് ശേഷമുള്ള സത്യപ്രതിജ്ഞ ചടങ്ങിൽ നരേന്ദ്ര മോദിയും അമിത് ഷായുമടക്കമുള്ള നേതാക്കൾ പങ്കെടുക്കും. മുൻ ആഭ്യന്തരമന്ത്രി അനിൽ വിജ്ജ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അനിൽ വിജ്ജിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി വിവാദങ്ങൾ ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
അതേസമയം കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിൽ അഴിച്ചു പണി ഉണ്ടായേക്കും. മൂന്ന് ജില്ലകളിൽ വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്. ജമ്മു കശ്മീരിൽ ഇന്ന് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷം ആയിരിക്കും ഉമർ അബ്ദുല്ലയുടെ സത്യപ്രതിജ്ഞ തീയതി തീരുമാനിക്കുക. ആറു സീറ്റുകളിൽ ജയിച്ച കോൺഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയേക്കും. സിപിഎം എംഎൽഎ യൂസഫ് തരിഗാമിക്കും, പിഡിപിക്കും മന്ത്രിസഭയിൽ ഇടം നൽകുന്ന കാര്യത്തിലും ഇന്നത്തെ യോഗം തീരുമാനമെടുക്കും.
Adjust Story Font
16